ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാലും വിജയിച്ചാണ് ഇന്ത്യ പരമ്പര തൂക്കിയടിച്ചത്. രണ്ടാം മത്സരത്തില്‍ മാത്രമാണ് വിന്‍ഡീസിന് വിജയിക്കാന്‍ സാധിച്ചത്.
ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയാണ് ഇന്ത്യക്ക് പരമ്പര നേടി കൊടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച അവസാന മത്സരത്തില്‍ 88 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശ്രേയസ് അയ്യരും ദീപക് ഹൂഡയും ചേര്‍ന്ന് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നു. 40 പന്തില്‍ നിന്നും 64 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. എട്ട് ഫോറും രണ്ട് സിക്സറും ഉള്‍പ്പടെയാണ് അയ്യര്‍ റണ്ണടിച്ചുകൂട്ടിയത്.
മൂന്നാമനായി ഇറങ്ങിയ ഹൂഡ 25 പന്തില്‍ നിന്നും 38 റണ്‍സ് സ്വന്തമാക്കിയിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സറുമാണ് ഹൂഡ നേടിയത്. ബാറ്റര്‍മാരുടെ അഗ്രസീവ് അപ്രോച്ചാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ബാറ്റിങ് ഇറങ്ങുന്ന എല്ലാ താരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു പോലെ അറ്റാക്ക് ചെയ്താണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്.
20 ഓവറില്‍ 188 റണ്‍സായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ വെറും 100 റണ്‍സിന് ഓളൗട്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യ നേടിയ പത്ത് വിക്കറ്റിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വിന്‍ഡീസിന്റെ എല്ലാ താരങ്ങളേയും പുറത്താക്കിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. ട്വന്റി-20യുടെ ചരിത്രത്തിലാദ്യമായാണ് ഒരു ടീമിന്റെ പത്ത് വിക്കറ്റും സ്പിന്നര്‍മാര്‍ നേടുന്നത്.
ഇന്ത്യക്കായി ഇറങ്ങിയ മൂന്ന് സ്പിന്നര്‍മാരും മത്സരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ യുവ സ്പിന്നറായ രവി ബിഷ്‌ണോയ് നാല് വിക്കറ്റാണ് സ്വന്തമാക്കിയത്.
മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സറയിരുന്നു മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് കുല്‍ദീപും സ്വന്തമാക്കിയത്. നാല് വിക്കറ്റ് സ്വന്തമാക്കിയ ബിഷ്‌ണോയ് 16 റണ്‍സാണ് വിട്ടുനല്‍കിയത്.