Advertisement
COVID-19
കൊറോണ വൈറസിന്റെ ആദ്യം ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; മൈക്രോ സ്‌കോപിക് ചിത്രം തയ്യാറാക്കിയത് കേരളത്തിലെ രോഗിയില്‍ നിന്നും എടുത്ത സാമ്പിളിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 28, 04:42 am
Saturday, 28th March 2020, 10:12 am

ന്യൂദല്‍ഹി: ലോകത്താകമാനം 5 ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നു പിടിക്കുകയും 27000 ലേറെ പേരുടെ മരണത്തിനും വഴിവെച്ച കൊവിഡ്-19 ന് കാരണമായ കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ രോഗിയുടെ വായയില്‍  നിന്നും എടുത്ത സാമ്പിളിലൂടെയാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്.

കൊവിഡിനു കാരണാമാവുന്ന കൊറോണ വൈറസ് ശാഖയിലെ സാര്‍സ്-Cov-2 എന്ന വൈറസിന്റെ ചിത്രമാണ് പുറത്തു വിട്ടത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പബ്ലിക്കേഷനായ ഐ.ജി.എം.ആറില്‍ ഇതിന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്നും ഈ ശാസ്ത്ര സംഘം പറയുന്നു.

നേരത്തെ പടര്‍ന്നു പിടിച്ച വൈറസ് ബാധയായ മെര്‍സിന്റെയും ( middle east respiratory syndrome) സാര്‍സിന്റെയും (severe acute respiratory syndrome) കൊറോണ വൈറസുംകൊവിഡ്-19 ന് കാരണമായ കൊറോണ വൈറസും തമ്മില്‍ സാമ്യമുണ്ടെന്നാണ് ശാസ്ത്ര സംഘം അറിയിക്കുന്നത്.

എന്നാല്‍ ഈ വൈറസുകളേക്കാള്‍ വ്യാപന ശേഷി കൊവിഡ്-19 നിന്റെ വൈറസിനുണ്ട്. 2002-2003 ലായി പടര്‍ന്നു പിടിച്ച സാര്‍സ് പകര്‍ച്ച വ്യാധി ലോകത്താകമാനം 8000 പേര്‍ക്കാണ് ബാധിച്ചത്. 800 ഓളം പേര്‍ മാത്രമേ മരണപ്പെട്ടിരുന്നുള്ളൂ. ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സാര്‍സ് ആകെ 26 രാജ്യങ്ങളിലാണ് പടര്‍ന്നു പിടിച്ചത്. 2012 ല്‍ സൗദി അറേബ്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മെര്‍സ് 27 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു. 2484 പേര്‍ക്ക് പടര്‍ന്നു പിടിച്ച മെര്‍സ് ബാധിച്ച് 858 പേരാണ് മരിച്ചത്. കൊവിഡ്-19 അതേ സമയം 160 ലേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സാര്‍സിനേക്കാളും മെര്‍സിനേക്കാളും കുറഞ്ഞ മരണനിരക്കാണ് കൊവിഡിനുള്ളത്. 595800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 131000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 27324 ആണ്.