സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നില്ലെന്ന ആസ്‌ട്രേലിയന്‍ ആരാധകന്റെ വാദം തള്ളി ഇന്ത്യന്‍ ആരാധകന്‍. ആസ്‌ട്രേലിയക്കാരായ അഞ്ച് പേര്‍ ഇന്ത്യന്‍ ടീമിനെതിരെ തെറിയഭിഷേകം നടത്തുന്നത് താന്‍ അടുത്തിരുന്ന് കേള്‍ക്കുകയായിരുന്നെന്ന് ഇന്ത്യക്കാരനായ കൃഷ്ണകുമാര്‍ സ്‌പോര്‍ട്സ് ടുഡേയോട് പറഞ്ഞു.
’10:30 സമയത്തൊക്കെ ആളുകള്‍ മദ്യപിച്ചിരിക്കുമെന്ന് കരുതിയില്ല. ശനിയാഴ്ച രാവിലെ മുതല്‍ ഗാലറിയില്‍ s*****s, s*****s, s*****s വിളികളായിരുന്നു. ആ സമയം രഹാനെയായിരുന്നു ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. രഹാനെ s*****s ആണ്, എല്ലാ ഇന്ത്യാക്കാരും s*****s ആണ് എന്നായിരുന്നു ഗ്യാലറിയില്‍ മുഴങ്ങിക്കൊണ്ടിരുന്നത്. ഞാന്‍ ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല’, കൃഷ്ണകുമാര്‍ പറയുന്നു.
അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്ന തരത്തില്‍ താന്‍ അവരെ രൂക്ഷമായി നോക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
‘അവര്‍ 5-6 പേരുണ്ടായിരുന്നു. ഞാന്‍ നോക്കിയതിന് ശേഷവും അവര്‍ എല്ലാ ഇന്ത്യാക്കാരും s*****s ആണെന്ന് വിളിച്ചുപറയുകയായിരുന്നു’, കൃഷ്ണകുമാര്‍ പറഞ്ഞു.
സിഡ്‌നി ടെസ്റ്റിലെ വംശീയാധിക്ഷേപത്തിനെതിരെ ഇന്ത്യന്‍ ടീം ഐ.സി.സിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും നാലാം ദിവസവും ടീമിനെതിരായ അധിക്ഷേപം തുടര്‍ന്നു. മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും നേരെ വംശീയാധിക്ഷേപമുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് മാച്ച് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെച്ച ശേഷമാണ് പുനരാരംഭിച്ചത്. അധിക്ഷേപം നടത്തിയവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ ടീം പരാതി നല്‍കിയ ശേഷവും സിഡ്‌നി കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് അശ്വിന്‍ പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു.
‘അഡ്‌ലെയ്ഡിലും മെല്‍ബണിലും കാര്യങ്ങള്‍ ഇത്ര മോശമായിരുന്നില്ല. എന്നാല്‍ സിഡ്‌നിയില്‍ പണ്ടേ ഇങ്ങനെയാണ്. മുന്‍കാലങ്ങളില്‍ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ ആരാധകര്‍ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്,’ അശ്വിന്‍ പറഞ്ഞു.
വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ആസ്‌ട്രേലിയയും ഐ.സി.സിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സി.ഐ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക