ഇംഗ്ലണ്ട് വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റില്‍ സന്ദര്‍ശകര്‍ പതറുന്നു. ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങേണ്ടി വന്നാണ് ഇംഗ്ലണ്ട് താളം കണ്ടെത്താന്‍ സാധിക്കാതെ ഉഴറുന്നത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 428 റണ്‍സ് നേടിയിരുന്നു. ഈ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ലീഡ് നേടാനിറങ്ങിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തുടക്കത്തിലേ പിഴച്ചു.
സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ സോഫിയ ഡങ്ക്‌ലിയെ ഇംഗ്ലണ്ടിന് നഷ്ടമായി. രേണുക സിങ്ങിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് സോഫിയ പുറത്തായത്. 10 പന്തില്‍ 11 റണ്‍സ് നേടി നില്‍ക്കെയാണ് താരം പുറത്തായത്.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ നൈറ്റിനും സാധിച്ചില്ല. ടീം സ്‌കോര്‍ 28ല്‍ നില്‍ക്കവെ 11 റണ്‍സ് നേടിയ ക്യാപ്റ്റനും മടങ്ങി. പൂജ വസ്ത്രാര്‍ക്കറിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയായിരുന്നു താരത്തിന്റെ മടക്കം.
നാലാം നമ്പറില്‍ നാറ്റ് സ്‌കിവര്‍-ബ്രണ്ട് കളത്തിലിറങ്ങിയതോടെ സ്‌കോര് ബോര്‍ഡിന് ജീവന്‍ വെച്ചു. ഓപ്പണര്‍ ടാംസിന്‍ ബീമൗണ്ടിനെ കൂട്ടുപിടിച്ച് നാറ്റി സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പാര്‍ണര്‍ഷിപ്പ് ഇവര്‍ പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 79ല്‍ നില്‍ക്കവെ ടാംസിന്‍ ബീമൗണ്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായി. റണ്‍ ഔട്ടിലൂടെയാണ് ബീമൗണ്ട് പുറത്തായത്. 35 പന്തില്‍ 10 റണ്‍സ് നേടി നില്‍ക്കവെയാണ് ഇംഗ്ലണ്ട് ഓപ്പണറുടെ മടക്കം.
സൂപ്പര്‍ താരങ്ങായ ഡാനി വയറ്റും ഏമി ജോണ്‍സും ക്രീസിലെത്തിയെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാതെ അവരും മടങ്ങി. വയറ്റ് 24 പന്തില്‍ 19 റണ്‍സ് നേടിയപ്പോള്‍ 19 പന്തില്‍ 12 റണ്‍സായിരുന്നു ഏമി ജോണ്‍സിന്റെ സമ്പാദ്യം.
126ന് അഞ്ച് എന്ന നിലയില്‍ നിന്നും 136ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ദീപ്തി ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ നാണക്കേടിലേക്ക് തള്ളിയിട്ടത്.
𝗙𝗜𝗙𝗘𝗥! 👏 👏
Take. A. Bow Deepti Sharma! 🙌 🙌
Absolutely sensational effort from her to scalp her first five-wicket haul in Test cricket 👍 👍
ഡാനി വയറ്റിനെ പുറത്താക്കിക്കൊണ്ട് വിക്കറ്റ് വേട്ട തുടങ്ങിയ ദീപ്തി, ഏമി ജോണ്‍സ്, സോഫി എക്കല്‍സ്റ്റോണ്‍, കേറ്റ് ക്രോസ്, ലോറന്‍ ഫ്‌ളയര്‍ എന്നിവരെയും പുറത്താക്കിയാണ് ഫൈഫര്‍ നേട്ടം ആഘോഷമാക്കിയത്.
ദീപ്തിക്ക് പുറമെ സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രേണുക സിങ്ങും പൂജ വസ്ത്രാര്‍ക്കറും ഓരോ വിക്കറ്റും സ്വന്തമാക്കി.
292 റണ്‍സിന്റെ ലീഡ് കയ്യിലിരിക്കെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് കളിക്കാനിറങ്ങുകയായിരുന്നു. നിലവില്‍ 27 ഓവര്‍ പിന്നിടുമ്പോള്‍ 129 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയുമാണ് ക്രീസില്‍.
Content Highlight: India W vs England W, India’s brilliant bowling performance