Sports News
പുരുഷ ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്തത്; ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തന്നെ കുറിച്ച് ഇന്ത്യന്‍ വനിതകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 28, 12:18 pm
Friday, 28th June 2024, 5:48 pm

സൗത്ത് ആഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിനാണ് ചെന്നൈ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ പര്യടനത്തിലെ ഏക ടെസ്റ്റിനിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ആദ്യ ദിനം 525ന് നാല് എന്ന നിലയിലാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറിയും സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയും ഒപ്പം ജെമീമ റോഡ്രിഗസിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.\

ഷെഫാലി 197 പന്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ 161 പന്തില്‍ 149 റണ്‍സാണ് മന്ഥാന സ്വന്തമാക്കിയത്. 94 പന്ത് നേരിട്ട് 55 റണ്‍സാണ് ജെമീമ നേടിയത്.

ഇവര്‍ക്ക് പുറമെ 33 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ റിച്ച ഘോഷും 76 പന്തില്‍ പുറത്താകാതെ 42 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി.

ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ റെക്കോഡ് നേട്ടമാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ (പുരുഷ, വനിതാ ടെസ്റ്റ്) ഒരു ടീം ഒരു ദിവസം നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ചെപ്പോക്കില്‍ കുറിച്ചത്.

നേരത്തെ 2002ല്‍, ശ്രീലങ്കന്‍ പുരുഷ ടീം ബംഗ്ലാദേശിനെതിരെ നേടിയ 508 റണ്‍സാണ് റെക്കോഡില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ഇതിന് പുറമെ തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ എന്ന നേട്ടവും ആദ്യ ദിനം തന്നെ ഇന്ത്യ സ്വന്തമാക്കി. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റില്‍ 500+ മാര്‍ക് പിന്നിടുന്നത്

വനിതാ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

525/4 (ഇതുവരെ) – സൗത്ത് ആഫ്രിക്ക – ചെന്നൈ – 2024*

467/10 – ഇംഗ്ലണ്ട് – ടൗണ്‍ടണ്‍ – 2002

428/10 – ഇംഗ്ലണ്ട് – മുംബൈ – 2023

426/9d – ഇംഗ്ലണ്ട് – ബ്ലാക്പൂള്‍ – 1986

406/10 – ഓസ്‌ട്രേലിയ – മുംബൈ – 2023

ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ച്വറി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 292 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. 52ാം ഓവറിലെ അവസാന പന്തില്‍ മന്ഥാനയെ മടക്കി ഡെല്‍മാരി ടക്കറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. 161 പന്തില്‍ 149 റണ്‍സ് നേടിയാണ് മന്ഥാന കളം വിട്ടത്.

വൈസ് ക്യാപ്റ്റന്‍ പുറത്തായെങ്കിലും മറുവശത്ത് നിന്ന് ഷെഫാലി തകര്‍ത്തടിച്ചു. നേരത്തെ നടന്ന ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ കുറവുകളും താരം ടെസ്റ്റില്‍ പരിഹരിച്ചു. ഇരട്ട സെഞ്ച്വറിയടിച്ചാണ് ഷെഫാലി തിളങ്ങിയത്.

നേരത്തെ വനിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് മന്ഥാനക്കൊപ്പം പടുത്തുയര്‍ത്തിയ ഷെഫാലി വേഗതയേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരില്‍ കുറിച്ചു.

നേരിട്ട 194ാം പന്തിലാണ് ഷെഫാലി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ തന്നെ 248 പന്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോഡാണ് ഷെഫാലി തകര്‍ത്തെറിഞ്ഞത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ലെജന്‍ഡ് മിതാലി രാജാണ് ഈ നേട്ടത്തിലാദ്യമെത്തിയത്. 407 പന്തില്‍ 214 റണ്‍സാണ് താരം അന്ന് നേടിയിരുന്നത്.

 

Content highlight: India W created history by scoring highest total by a team in single day of a Test match