ഇരട്ടയക്കം കാണാതെ എട്ട് പേര്‍, അഞ്ച് പേരും സംപൂജ്യര്‍, അടിത്തറയിളകി വിന്‍ഡീസ്; തലയുയര്‍ത്തി ഇന്ത്യ; പരമ്പര
Sports News
ഇരട്ടയക്കം കാണാതെ എട്ട് പേര്‍, അഞ്ച് പേരും സംപൂജ്യര്‍, അടിത്തറയിളകി വിന്‍ഡീസ്; തലയുയര്‍ത്തി ഇന്ത്യ; പരമ്പര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th August 2022, 8:03 am

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അഞ്ചാം മത്സരത്തിലും ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ 88 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരും ദീപക് ഹൂഡയും ചേര്‍ന്ന് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നു. 40 പന്തില്‍ നിന്നും 64 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെയാണ് അയ്യര്‍ റണ്ണടിച്ചുകൂട്ടിയത്.

മൂന്നാമനായി ഇറങ്ങിയ ഹൂഡ 25 പന്തില്‍ നിന്നും 38 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറുമാണ് ഹൂഡ നേടിയത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. 16 പന്തില്‍ നിന്നും രണ്ട് വീതം ഫോറും സിക്‌സറുമായി 28 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ജേസണ്‍ ഹോള്‍ഡറിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കിയിരുന്നു.

നാലാമനായി ഇറങ്ങിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് പിടിച്ചുനിന്നത്. 35 പന്തില്‍ നിന്നും അഞ്ച് ഫോറും ആറ് സികസറുമായി 56 റണ്‍സാണ് ഹെറ്റി സ്വന്തമാക്കിയത്. ടീം ആകെ നേടിയ നൂറില്‍ 56ഉം ഹെറ്റ്‌മെയറിന്റെ ബാറ്റില്‍ നിന്നും തന്നെയായിരുന്നു.

ഷമാര്‍ ബ്രൂക്‌സ് നേടിയ 13 റണ്‍സാണ് വിന്‍ഡീസ് നിരയിലെ രണ്ടാമത്ത മികച്ച സ്‌കോര്‍. ഇവര്‍ക്കു പുറമെ ഡെവോണ്‍ തോമസ് മാത്രമാണ് ഇരട്ടയക്കം കണ്ടത്. അഞ്ച് വിന്‍ഡീസ് താരങ്ങള്‍ ഡക്കായാണ് മടങ്ങിയത്.

ജേസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, ഓഡിയന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, ഒബെഡ് മക്കോയ് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.

2.4 ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയും മൂന്ന് ഓവറില്‍ 15 റണ്‍സ് നേടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും നാല് ഓവറില്‍ 12ന് മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവുമാണ് വിന്‍ഡീസിനെ കറക്കിവീഴ്ത്തിയത്.

 

അക്‌സര്‍ പട്ടേല്‍ കളിയിലെ താരമായപ്പോള്‍ അര്‍ഷ്ദീപ് സിങ്ങിനെ പരമ്പരയിലെ താരമായും തെരഞ്ഞെടുത്തു.

ഇതോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

 

Content Highlight: India vs West Indies, India wins the series