ഒപ്പം കൂട്ടിയ ആരെയും ടീമിലെടുത്തില്ല; രണ്ടാം ടെസ്റ്റില്‍ ആദ്യ ചിരി ഇന്ത്യക്ക്
Sports News
ഒപ്പം കൂട്ടിയ ആരെയും ടീമിലെടുത്തില്ല; രണ്ടാം ടെസ്റ്റില്‍ ആദ്യ ചിരി ഇന്ത്യക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 9:43 am

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം നടക്കുന്നത്.

ആദ്യ മത്സരത്തിലേറ്റ തിരിച്ചടിക്ക് മറുപടി നല്‍കാനാണ് ഇന്ത്യയിറങ്ങിയിരിക്കുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കാര്യമായ പരിചയമില്ലാത്ത താരങ്ങളാണ് രണ്ടാം മത്സരത്തില്‍ ടീമിന്റെ ഭാഗമാകുന്നത് എന്നതാണ് ആരാധകരെ അല്‍പമെങ്കിലും ആശങ്കയിലാഴ്ത്തുന്നത്.

ആദ്യ മത്സരത്തില്‍ നിന്നും പല മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജയും കെ.എല്‍. രാഹുലും രണ്ടാം മത്സരത്തില്‍ കളിക്കില്ല എന്ന് ഉറപ്പായിരുന്നു. ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്.

ആദ്യ രണ്ട് ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി സ്‌ക്വാഡിന്റെ ഭാഗമായ രജത് പാടിദാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും.

 

രണ്ടാം മത്സരത്തിന് മുന്നോടിയായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലാര്‍ക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം, മൂന്ന് പ്യുവര്‍ സ്പിന്നര്‍മാരെയാണ് ഇംഗ്ലണ്ട് കളത്തിലിറക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തച്ചുടച്ച ടോം ഹാര്‍ട്‌ലിയും യുവതാരം രെഹന്‍ അഹമ്മദും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷോയ്ബ് ബഷീര്‍ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുകയാണ്.

ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമിലേക്ക് തിരിച്ചെത്തിയതും ഇംഗ്ലണ്ട് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷോയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

നിലവില്‍ ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു റണ്‍സ് എന്ന നിലയിലാണ്.

 

Content highlight: India vs England: Second test, India won the toss and elect to bat first