ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരം റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം കോംപ്ലെക്‌സില്‍ തുടരുകയാണ്. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 198ന് അഞ്ച് എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. മോശമല്ലാത്ത രീതിയില്‍ തുടങ്ങിയെങ്കിലും അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിന്റെ പ്രകടനത്തിന് മുമ്പില്‍ ത്രീ ലയണ്‍സ് നിന്ന് വിറച്ചു. ഓപ്പണര്‍ സാക് ക്രോളി, വെടിക്കെട്ട് വീരന്‍ ബെന്‍ ഡക്കറ്റ്, സൂപ്പര്‍ താരം ഒലി പോപ്പ് എന്നിവരെയാണ് ആകാശ് പുറത്താക്കിയത്.
പരമ്പരയില്‍ ഇതാദ്യമായാണ് റൂട്ട് അര്‍ധ സെഞ്ച്വറി നേടുന്നത്. നേരത്തെ നടന്ന മൂന്ന് മത്സരത്തിലും റൂട്ടിന്റെ പ്രകടനം ആരാധകരെ ഒട്ടും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.
29 (60), 2 (6), 5 (10), 16 (10), 18 (31), 7 (40) എന്നിങ്ങനെയായിരുന്നു അവസാന ആറ് ഇന്നിങ്‌സില്‍ റൂട്ട് നേടിയത്.
റാഞ്ചിയില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടമാണ് റൂട്ട് തന്റെ പേരില്‍ കുറിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ 1,000 റണ്‍സ് നേടിയ വിസിറ്റിങ് ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചാണ് റൂട്ട് റെക്കോഡിട്ടത്.
വിന്‍ഡീസ് ലെജന്‍ഡ് ഗോര്‍ഡന്‍ ഗ്രീനിഡ്ജിനെയും ഓസീസ് സൂപ്പര്‍ താരം മാത്യു ഹെയ്ഡനെയും മറികടന്നാണ് റൂട്ട് മൂന്നാം സ്ഥാനത്തെത്തിയത്.
ക്രിക്കറ്റ് ഇതിഹാസം ക്ലൈവ് ലോയ്ഡും തന്റെ മുന്‍ഗാമിയായ അലിസ്റ്റര്‍ കുക്കും മാത്രമാണ് റൂട്ടിന് മുമ്പിലുള്ളത്.
ഇന്ത്യക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന വിസിറ്റിങ് ബാറ്റര്‍
(താരം – ടീം – റണ്‍സ് – ശരാശരി എന്ന ക്രമത്തില്‍
ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 1,359 – 75.5
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 1,235 – 51.45
ജോ റൂട്ട് – ഇംഗ്ലണ്ട് – 1,076* – 43.04
ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – വെസ്റ്റ് ഇന്‍ഡീസ് – 1,042 – 45.3
അതേസമയം, നാലാം മത്സരത്തില്‍ വിജയിച്ച് ഒപ്പമെത്താനും പരമ്പര സജീവമായി നിലനിര്‍ത്താനുമാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇംഗ്ലണ്ട് അടുത്ത രണ്ട് മത്സരത്തിലും പരാജയപ്പെട്ടിരുന്നു. റാഞ്ചി ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമാകും.
Content highlight: India vs England 4th Test; Joe Root climbs to 3rd in most runs by a visiting batter against India in Tests