ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തില്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ്.
ആദ്യ വിക്കറ്റായി രോഹിത് ശര്‍മ പുറത്തായപ്പോഴും ടീം സ്‌കോര്‍ 89ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മടക്കിയപ്പോഴും മറുവശത്ത് നങ്കൂരമിട്ട് ക്രീസില്‍ തുടര്‍ന്ന ജെയ്‌സ്വാള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ആദ്യ മത്സരത്തില്‍ തന്നെ പുറത്താക്കിയ ടോം ഹാര്‍ട്‌ലിയെ സിക്‌സറിന് പറത്തി ഇന്ത്യന്‍ മണ്ണിലെ ആദ്യ സെഞ്ച്വറിയും കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയും ജെയ്‌സ്വാള്‍ പൂര്‍ത്തിയാക്കി.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു അത്യപൂര്‍വ നേട്ടമാണ് ജെയ്‌സ്വാളിനെ തേടിയെത്തിയത്. 22 വയസിന് മുമ്പ് ഇന്ത്യയിലും വിദേശ പിച്ചിലും സെഞ്ച്വറി നേടുന്ന മൂന്നാമത് ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ടെസ്റ്റ് ഫോര്‍മാറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിലാണ് ജെയ്‌സ്വാള്‍ ഇതിന് മുമ്പ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെയായിരുന്നു ജെയ്‌സ്വാളിന്റെ സെഞ്ച്വറി നേട്ടം.
ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിച്ച മത്സരത്തില്‍ 387 പന്ത് നേരിട്ട് 171 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജെയ്‌സ്വാള്‍ തന്നെ.
2023-25 വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്റര്‍ എന്നതടക്കം മറ്റുചില റെക്കോഡുകളും ജെയ്സ്വാളിനെ തേടിയെത്തിയിരുന്നു.
അതേസമയം, ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 225 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 185 പന്തില്‍ 125 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 47 പന്തില്‍ 25 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ രജത് പാടിദാറുമാണ് ക്രീസില്‍.