ന്യൂദൽഹി: പഞ്ചാ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതിയെ പാക്കിസ്ഥാന്‍ വിലക്കിയ സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു, പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
പാക്കിസ്ഥാന്‍ ഹൈക്കമീഷണറായ സയിദ്ദ് ഹൈദര്‍ ഷായെ ആണ് ഇന്ത്യ വിളിച്ച് വരുത്തിയത്.
ഉത്തരവാദിത്വങ്ങളില്‍ നിന്നും സ്ഥാനപതികളെ വിലക്കിയ പാക്കിസ്ഥാന്‍ ചെയ്തിരിക്കുന്നത് വിയന്ന കണ്‍വെന്‍ഷന്റേയും ബൈലാറ്ററല്‍ പ്രോട്ടോക്കോളിന്റേയും ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചു.
ആരാധനാലയം സന്ദര്‍ശിക്കുന്നതിനുള്ള എല്ലാ അനുമതികളും മുന്‍കൂട്ടി വാങ്ങിച്ചിരുന്നുവെങ്കിലും ബിസാരിയയെയും ഭാര്യയെയും ഇസ്ലാമാബാദിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിന് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സഹായങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക് അധികൃതര്‍ തടഞ്ഞതിനു മാസങ്ങള്‍ക്കു ശേഷമാണ് പുതിയ വിലക്ക്. ബൈശാഖി ആഘോഷിക്കാന്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലെത്തിയതായിരുന്നു തീര്‍ത്ഥാടക സംഘം.