national news
ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം; ചോദ്യം ചെയ്യലിന്ഹാജരാകാത്തതിന് പിന്നാലെ കുനാല്‍ കമ്രയുടെ മുംബൈയിലെ വീട് സന്ദര്‍ശിച്ച് പോലീസ്; സമയം പാഴാക്കലെന്ന് കൊമേഡിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 03:20 pm
Monday, 31st March 2025, 8:50 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് കുനാല്‍ കമ്രയുടെ വീട് പരിശോധിച്ച് പൊലീസ്. കുനാല്‍ കമ്ര ചോദ്യം ചെയ്യലിനെത്താത്തതിനെ തുടര്‍ന്ന് അദ്ദേഹം പത്ത് വര്‍ഷമായി താമസിക്കാത്ത വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

അതേസമയം താന്‍ വര്‍ഷങ്ങളായി താമസിക്കാത്ത വീട്ടിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയതെന്നും സമയവും പൊതുവിഭവങ്ങളും പാഴാക്കലാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

‘കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ താമസിക്കാത്ത ഒരു വിലാസത്തിലേക്ക് പോകുന്നത് നിങ്ങളുടെ സമയവും പൊതു വിഭവങ്ങളും പാഴാക്കുന്നതിന് തുല്യമാണ്,’ കമ്രയുടെ ട്വീറ്റില്‍ പറയുന്നു.

മുംബൈയിലെ ഖറിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ നടത്തിയ പ്രസംഗത്തിലൂടെ വലിയ വിവാദമുണ്ടായിരുന്നു. കുനാല്‍ കമ്ര നിലവില്‍ തമിഴ്‌നാട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31 ന് കേസില്‍ ചോദ്യം ചെയ്യലിനായി ഖാര്‍ പോലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്നാണ് പോലീസ് മുംബൈയിലെ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചത്.

ശിവസേന എം.എല്‍.എ മുര്‍ജി പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24ന് എഫ്.എ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ കുനാല്‍ കമ്രയ്ക്ക് പോലീസ് കമ്രയ്ക്ക് രണ്ട് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കുനാല്‍ കമ്ര ഹാജരായിരുന്നില്ല. വേറെയും മൂന്ന് കേസുകള്‍ കമ്രയ്‌ക്കെതിരെ ഖാര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, എഫ്.ഐ.ആറുകളുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഉപാധികളോടെ ഏപ്രില്‍ ഏഴ് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്.

പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി.

Content Highlight: Police visit Kunal Kamra’s Mumbai house after he failed to appear for questioning over remarks against Eknath Shinde; Comedian says it’s not a waste of time