വിശ്വസിക്കാന്‍ സാധിക്കുമോ, ഈ വര്‍ഷം ഇന്ത്യയുടെ ടോപ് സ്‌കോറര്‍ നേടിയത് വെറും 157 റണ്‍സാണ്, രണ്ടാമന്‍ 79ഉം
Sports News
വിശ്വസിക്കാന്‍ സാധിക്കുമോ, ഈ വര്‍ഷം ഇന്ത്യയുടെ ടോപ് സ്‌കോറര്‍ നേടിയത് വെറും 157 റണ്‍സാണ്, രണ്ടാമന്‍ 79ഉം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th November 2024, 4:55 pm

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷമാകും 2024. ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ 2024നോട് വിടപറയാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറില്‍ ഈ വര്‍ഷം വെറും ഒരു ഏകദിന പരമ്പര മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പരമ്പരയിലെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.

കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി.

മൂന്നാം മത്സരത്തില്‍ 110 റണ്‍സിന്റെ പടുകൂറ്റന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ശ്രീലങ്ക ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138ന് പുറത്തായി.

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കക്കെതിരായ ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്.

ഈ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. മൂന്ന് ഇന്നിങ്‌സില്‍ നിന്നും 52.33 ശരാശരിയില്‍ 157 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യന്‍ നിരയില്‍ ഈ വര്‍ഷം 100+ റണ്‍സ് നേടിയ ഏക താരവും രോഹിത് തന്നെ.

2024ല്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ്)

രോഹിത് ശര്‍മ – 3 – 157

അക്‌സര്‍ പട്ടേല്‍ – 3 – 79

വിരാട് കോഹ്‌ലി – 3 – 58

ശുഭ്മന്‍ ഗില്‍ – 3 – 57

വാഷിങ്ടണ്‍ സുന്ദര്‍ – 3 – 50

ശ്രേയസ് അയ്യര്‍ – 3 – 38

ശിവം ദുബെ – 3 – 34

കെ.എല്‍. രാഹുല്‍ – 2 – 31

അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പാണ് ഇന്ത്യ അടുത്ത ഏകദിന മത്സരം കളിക്കുക. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഈ മത്സരങ്ങള്‍ വരുന്നത്. ഫെബ്രുവരി ആറിനാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം (ഏകദിന പരമ്പര)

ആദ്യ മത്സരം – ഫെബ്രുവരി 6: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം.

രണ്ടാം മത്സരം – ഫെബ്രുവരി 9: ബരാബതി സ്റ്റേഡിയം

മൂന്നാം മത്സരം – ഫെബ്രുവരി 12: ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം.

 

Content Highlight: India’s worst ever performance in the ODI format