ന്യൂദല്‍ഹി: ലോകത്തെ 33 രാജ്യങ്ങളിലായുള്ള അഭിപ്രായ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 24ാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായുള്ള സ്വതന്ത്ര ഏജന്‍സിയായ ദ ഫ്യൂച്ചര്‍ ഓഫ് ഫ്രീ സ്പീച്ച് നടത്തിയ സര്‍വേയിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന് പറയുന്നത്.
33 രാജ്യങ്ങളിലായി നടത്തിയ ആഗോള സര്‍വേയില്‍ 62.6 സ്‌കോറുമായി ദക്ഷിണാഫ്രിക്കയ്ക്കും ലെബനനും ഇടയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഒക്ടോബറിലാണ് സര്‍വേ നടത്തിയത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ നിയന്ത്രണങ്ങളോ സെന്‍സര്‍ഷിപ്പോ ഇല്ലാതെ അഭിപ്രായങ്ങള്‍ പറയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ പിന്തുണയൊന്നും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ അഭിപ്രായ സ്വതന്ത്ര്യം മെച്ചപ്പെട്ടുവെന്ന് പലരും പറയുന്നുണ്ട്, എന്നാല്‍ റാങ്കിങ്ങില്‍ വ്യക്തമാകുന്നത്, ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണെന്നാണ്.
പല രാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ നല്‍കുന്നതിനേക്കാള്‍ ഇടിവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിഷേധവും പ്രക്ഷോഭങ്ങളും തുടരുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള പ്രതിബദ്ധത പല രാജ്യങ്ങളിലും ക്ഷയിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്‌കാന്‍ഡ്‌നേവിയന്‍ രാജ്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. നോര്‍വെയും ഡെന്‍മാര്‍ക്കും ഫ്യൂച്ചര്‍ ഓഫ് ദി ഫ്രീ സ്പീച്ചിന്റെ ഉന്നത സ്ഥാനത്ത് തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വെല്ലുവിളി നേരിടുന്നത് കൂടുതലും അമേരിക്ക, ഇസ്രഈല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്.
അതേസമയം മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതിലുള്ള പുരോഗതിയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടിയും റാങ്കിങ്ങില്‍ ഈ രാജ്യങ്ങള്‍ താഴെയാണ്.
Content Highlight: India ranks 24th in freedom of expression index: Observers say the situation in the country is deteriorating]