2022ലെ ഒറ്റ ഐ.സി.സി മത്സരവും തോല്‍ക്കാതെ മുന്നേറിയ ഓസ്‌ട്രേലിയ വനിതാ ടീമിനെ തോല്‍പിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യയോട് പരാജയപ്പെട്ടതോടെയാണ് 2022ലെ ഓസീസിന്റെ അണ്‍ഡിഫീറ്റഡ് സ്ട്രീക്കിന് വിരാമമായത്.
2022ല്‍ ന്യൂസിലാന്‍ഡിനോട് ഒരു ലോകകപ്പ് വാം അപ് മാച്ചില്‍ തോറ്റതൊഴിച്ചാല്‍ ഒറ്റ ഐ.സി.സി മത്സരത്തില്‍ പോലും ഓസ്‌ട്രേലിയ തോറ്റിട്ടില്ല. ഏകദിനത്തിലും ടെസ്റ്റിലും ടി-20യിലും അപരാജിതരായി കുതിച്ച ഓസീസ് ഇന്ത്യക്ക് മുമ്പില്‍ കാലിടറി വീഴുകയായിരുന്നു. കോമണ്‍വെല്‍ത്തിലും ലോകകപ്പിലും അപരാജിതരായി കുതിച്ച ശേഷമാണ് ഓസീസ് ആദ്യ തോല്‍വിയറിയുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി വനിതാ ടി-20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് അലീസ ഹെയ്‌ലിയും സംഘവും പരാജയം രുചിച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ പരാജയമായിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇന്ത്യ ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
രണ്ടാം മത്സരത്തില്‍, ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ക്യാപ്റ്റന്‍ അലീസ ഹെയ്‌ലിയും ബെത് മൂണിയും ചേര്‍ന്ന് ടീം സ്‌കോറിന് അടിത്തറയിട്ടു.
ഓസീസ് സ്‌കോര്‍ 29ല്‍ നില്‍ക്കവെ 15 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ഹെയ്‌ലി പുറത്താവുകയായിരുന്നു. എന്നാല്‍ വണ്‍ ഡൗണായെത്തിയ ടാലിയ മഗ്രാത്തിനെ കൂട്ടുപിടിച്ച് മൂണി സ്‌കോര്‍ ഉയര്‍ത്തി. 54 പന്തില്‍ നിന്ന് 82 റണ്‍സ് നേടി ബെത് മൂണിയും 51 പന്തില്‍ നിന്നും 70 റണ്‍സുമായി ടാലിയയും പുറത്താകാതെ നിന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 187 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും മോശമാക്കിയില്ല. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 49 പന്തില്‍ നിന്നും മന്ഥാന 79 റണ്‍സും 23 പന്തില്‍ നിന്നും ഷെഫാലി 34 റണ്‍സും നേടി.
പിന്നാലെയെത്തിയവരും ടീം സ്‌കോറിലേക്ക് സംഭാവന നല്‍കിയപ്പോള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് തന്നെ ഇന്ത്യയും നേടി.
ഒടുവില്‍ സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാന മൂന്ന് പന്തില്‍ നിന്നും 13 റണ്‍സും റിച്ച ഘോഷ് രണ്ട് പന്തില്‍ നിന്നും ആറ് റണ്‍സും ക്യാപ്റ്റന്‍ കൗര്‍ ഒരു പന്തില്‍ നിന്ന് ഒരു റണ്‍സും നേടി.
21 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസിന് 16 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യ നാല് റണ്‍സിന്റെ വിജയം ആഘോഷിച്ചു.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരമവസാനിച്ചപ്പോള്‍ 1-1ന് സമനില നേടാനും ഇന്ത്യക്കായി. ഡിസംബര്‍ 14നാണ് പരമ്പരയിലെ അടുത്ത മത്സരം.
Content highlight: India ends Australia’s undefeated streak