കൊളംബോ: സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുമെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വാര്‍ത്ത നിഷേധിച്ചത്.
ശ്രീലങ്കയിലെ ജനാധിപത്യത്തിനും സുസ്ഥിരതക്കും സാമ്പത്തിക പുനരുദ്ധാരണത്തിനും ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
രാജിവെച്ച മുന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലെത്തിയിട്ടില്ലെന്നും നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, ശ്രീലങ്കയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വെച്ചെങ്കിലും പ്രസിഡന്റ് ഗോതബയയുടെ രാജി ആവശ്യത്തില്‍ നിന്നും പ്രതിഷേധക്കാര്‍ പിന്നോട്ട് പോയിട്ടില്ല.
രാജി വെച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ വസതി അഗ്‌നിക്കിരയാക്കിയിരുന്നു.
ശ്രീലങ്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ കുരുനേഗല നഗരത്തിലെ മഹീന്ദയുടെ വസതിയാണ് പ്രതിഷേധ സമരക്കാര്‍ കത്തിച്ചുകളഞ്ഞത്. മഹീന്ദ പ്രസിഡന്റിന് രാജിക്കത്ത് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.
എന്നാല്‍ മഹീന്ദയും കുടുംബവും ഇപ്പോള്‍ എവിടെയാണുള്ളത് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.