ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്റെ മികച്ച വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
#TeamIndia put up a fight but England won the third T20I by 26 runs!
India will look to bounce back in the fourth T20I in Pune. 👍 👍
Scorecard ▶️ https://t.co/amaTrbtzzJ#INDvENG | @IDFCFIRSTBank pic.twitter.com/t0l42NwbvX
— BCCI (@BCCI) January 28, 2025
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ 2-1ന് ഇന്ത്യന്‍ മുമ്പില്‍ തുടരുകയാണ്.
തുടര്‍ച്ചയായ നാല് ഇന്നിങ്‌സുകളില്‍ അപരാജിത പ്രകടനം കാഴ്ചവെച്ച തിലക് വര്‍മ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 14 പന്തില്‍ 18 റണ്‍സ് നേടി നില്‍ക്കവെ ആദില്‍ റഷീദിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് തിലക് പുറത്തായത്. മത്സരത്തില്‍ ആദില്‍ റഷീദ് നേടിയ ഏക വിക്കറ്റും തിലക് വര്‍മയുടേതാണ്.
ഈ പുറത്താകലോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് തിലക് വര്‍മ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ രണ്ട് ഡിസ്മിസ്സലുകള്‍ക്കിടയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് തിലക് വര്‍മ തന്റെ പേരില്‍ കുറിച്ചത്.
ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ക് ചാപ്മാനെ മറികടന്ന് ഒന്നാമതെത്തിയ തിലക്, രാജ്‌കോട്ടില്‍ പുറത്തായതോടെയാണ് രണ്ട് ഡിസ്മിസ്സലുകള്‍ക്കിടയില്‍ ഏറ്റവുമധികം റണ്‍സ് എന്ന നേട്ടം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് തിലക് അവസാനമായി പുറത്തായത്. ശേഷം അതുവരെ താരം തന്റെ വിക്കറ്റ് എതിരാളികള്‍ക്ക് സമ്മാനിച്ചിട്ടില്ല. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് താരം റണ്‍വേട്ട തുടരുന്നത്.
അന്താരാഷ്ട്ര ടി-20യില്‍ രണ്ട് ഡിസ്മിസ്സലുകള്‍ക്കിടയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍ (ഫുള്‍ മെമ്പേഴ്സ്)
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
തിലക് വര്‍മ – ഇന്ത്യ – 336 (107*, 120*, 19*, 72*, 18)
മാര്‍ക് ചാപ്മാന്‍ – ന്യസിലാന്‍ഡ് – 271 (65*, 16*, 71*, 104*, 15)
ആരോണ്‍ ഫിഞ്ച് – ഓസ്ട്രേലിയ – 240 (68*, 172)
ശ്രേയസ് അയ്യര്‍ – ഇന്ത്യ – 240 (57*, 74*, 73*, 36)
ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ – 239 (100*, 60*, 57*, 2*, 20)
ചെപ്പോക്കില്‍ നടന്ന രണ്ടാം ടി-20യില്‍ മറ്റൊരു റെക്കോഡും തിലക് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20 (ഫുള്‍ മെമ്പേഴ്സ്)യുടെ ചരിത്രത്തിലാദ്യമായാണ് ഒരു താരം പുറത്താകാതെ 300+ അഗ്രഗേറ്റ് സ്‌കോര്‍ സ്വന്തമാക്കുന്നത്.
അതേസമയം, മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പരമ്പര കൈവിടാതെ കാത്തിരിക്കുകയാണ്. ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
നാലാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും പരമ്പരയിലൊപ്പമെത്താന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ എം.സി.എയില്‍ തീ പാറുമെന്നുറപ്പാണ്.
Content Highlight: IND vs ENG: Tilak Varma set an unique record