ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് നായകന്‍ സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് മുമ്പാണ് സ്‌കൈ ഹര്‍ദിക് പാണ്ഡ്യയെ കുറിച്ച് സംസാരിച്ചത്.
ടി-20 ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി. ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഹര്‍ദിക് ടി-20യില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നാണ് എല്ലാവരും വിശ്വസിച്ചത്. എന്നാല്‍ ഹര്‍ദിക്കിനെ മറികടന്ന് ടീം സൂര്യയെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
ഇന്ത്യന്‍ ദേശീയ ടീമില്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റനായ സൂര്യ ഐ.പി.എല്ലില്‍ ഹര്‍ദിക്കിന് കീഴിലാണ് മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്നത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
‘കളിക്കളത്തില്‍ ഞങ്ങള്‍ നല്ല കൂട്ടുകാരാണ്, ടീമിനെ മുമ്പോട്ട് കൊണ്ടുപോകാന്‍ എന്താണ് ആവശ്യമെന്ന് ഞങ്ങള്‍ രണ്ട് പേര്‍ക്കും വ്യക്തമായി അറിയാം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അക്‌സറിന് (അക്‌സര്‍ പട്ടേല്‍) പുതിയ ചുമതല നല്‍കിയിരിക്കുകയാണ്. അവന്‍ ടി-20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഹര്‍ദിക് ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. ഞങ്ങള്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ എവിടെ എല്ലായപ്പോഴും ഹര്‍ദിക്കിന്റെ സാന്നിധ്യവും അവിടെ ഉണ്ടായിരിക്കും. ഞങ്ങള്‍ക്ക് ഗ്രൗണ്ടില്‍ ഒരുപാട് ക്യാപ്റ്റന്‍മാരുണ്ട്,’ സൂര്യകുമാറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോള്‍ നടക്കുന്ന ടി-20 പരമ്പരയില്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്റെ ചുമതലയിലുള്ളത്.
‘ഞങ്ങള്‍ ഏറെ കാലമായി ഒന്നിച്ച് കളിക്കുന്നവരാണ്. അദ്ദേഹവുമായി വളരെ മികച്ച ബന്ധമാണ് എനിക്കുള്ളത്. 2018ല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയതുമുതല്‍ ഇതുവരെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം അതുപോലെ തുടര്‍ന്നു. ഞങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുമ്പോള്‍ എനിക്ക് കുറച്ച് ആശ്വാസം ലഭിക്കാറുണ്ട്,’ സ്‌കൈ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.
ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).
ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.
Content Highlight: IND vs ENG: Suryakumar Yadav about Hardik Pandya