Sports News
അവസാന പന്തില്‍ അര്‍ഷ്ദീപ് ഔട്ടായത് കൊണ്ട് മാത്രം കിട്ടിയ റെക്കോഡ്; പട്ടികയില്‍ ഒന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 12, 04:48 pm
Wednesday, 12th February 2025, 10:18 pm

ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിന് മേല്‍ സമഗ്രാധിപത്യം പുലര്‍ത്തിയത്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര 4-1ന് വിജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് തൂത്തുവാരിയാണ് രോഹിത്തും സംഘവും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്തായി.

ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. അവസാന ഓവറുകളില്‍ ഹര്‍ഷിത് റാണയുടെ കാമിയോയും ഇന്ത്യന്‍ ടോട്ടലില്‍ തുണയായി.

ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ഇന്ത്യ ഓള്‍ ഔട്ടാകുന്നത്. മാര്‍ക് വുഡിന്റെ പന്തില്‍ ബീറ്റണായ അര്‍ഷ്ദീപ് സിങ് ക്രീസ് വിട്ടിറങ്ങുകയും വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് താരത്തെ റണ്‍ ഔട്ടാക്കുകയുമായിരുന്നു.

ഇതോടെ ഒരു നേട്ടവും പിറവിയെടുത്തു. ഓള്‍ ഔട്ടായ ഇന്നിങ്‌സിലെ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഏകദിന ടോട്ടല്‍ എന്ന നേട്ടമാണ് അഹമ്മദാബാദില്‍ പിറന്നത്.

ഓള്‍ ഔട്ടായ മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒ.ഡി.ഐ ടോട്ടല്‍

(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം)

356 – ഇംഗ്ലണ്ട് – അഹമ്മദാബാദ് – 2025*

347 – ഓസ്‌ട്രേലിയ – ഹൈദരാബാദ് – 2009

338 – ഇംഗ്ലണ്ട് – ബെംഗളൂരു – 2011

329 – ഇംഗ്ലണ്ട് – പൂനെ – 2021

328 – പാകിസ്ഥാന്‍ – പെഷവാര്‍ – 2006

നേരത്തെ, അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഗില്‍ 102 പന്തില്‍ 112 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 64 പന്തില്‍ 78 റണ്‍സും വിരാട് കോഹ്‌ലി 55 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി.

29 പന്തില്‍ 40 റണ്‍സടിച്ച കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാഖിബ് മഹ്‌മൂദ്, ഗസ് ആറ്റ്കിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ ഇന്ത്യന്‍ താരങ്ങളെയും പവലിയനിലേക്ക് മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നിട്ടും ആദ്യ നാല് ബാറ്റര്‍മാരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടും ഇംഗ്ലണ്ടിന് വിജയം സ്വപ്‌നം മാത്രമായി അവശേഷിച്ചു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കാനോ ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.

ഒടുവില്‍ 34.2 ഓവറില്‍ ഇംഗ്ലണ്ട് 214ന് പുറത്തായി.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: IND vs ENG: India registered their highest all-out ODI total