Sports News
ചരിത്രത്തിലാദ്യം, അഞ്ചിലും ആറിലും ഏഴിലും; ഐതിഹാസിക അര്‍ധ സെഞ്ച്വറിയുമായി കുങ്ഫു പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 31, 04:02 pm
Friday, 31st January 2025, 9:32 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും പരമ്പര കൈവിടാതെ കാക്കാന്‍ ഇംഗ്ലണ്ടും പൊരുതുമ്പോള്‍ ആരാധകര്‍ക്ക് മികച്ച ക്രിക്കറ്റ് എക്‌സ്പീരിയന്‍സാണ് ലഭിക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ഹര്‍ദിക് 30 പന്തില്‍ 53 റണ്‍സുമായാണ് പുറത്തായത്. നാല് വീതം സിക്‌സറും ഫോറും അടക്കം 176.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

34 പന്തില്‍ 53 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. രണ്ട് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്.

അന്താരാഷ്ട്ര ടി-20 കരിയറിലെ അഞ്ചാമത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹര്‍ദിക് മറ്റൊരു ചരിത്ര റെക്കോഡും സ്വന്തമാക്കി. മൂന്ന് വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പാണ്ഡ്യ സ്വന്തമാക്കിയത്.

നേരത്തെ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ഇറങ്ങി ടി-20ഐ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഇന്ന് ഏഴാം നമ്പറിലും അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 വിക്കറ്റ് എന്ന നിലയിലാണ്. ആറാം ഓവറിലെ അവസാന പന്തിലാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നേടാനായത്.

രവി ബിഷ്‌ണോയ്‌യുടെ പന്തില്‍ സൂര്യകുമാറിന് ക്യാച്ച് നല്‍കി ബെന്‍ ഡക്കാറ്റാണ് പുറത്തായത്. 19 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്.

ഡക്കറ്റിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും 17 പന്തില്‍ 22 റണ്‍സുമായി ഫില്‍ സാള്‍ട്ടുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജേകബ് ബേഥല്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

 

Content Highlight: IND vs ENG: Hardik Pandya becomes the first Indian batter to score T20I half centuries in 3 different positions