Kerala News
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി കാസ; ബി.ജെ.പിയുടെ സഖ്യകക്ഷിയാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 02, 08:16 am
Sunday, 2nd March 2025, 1:46 pm

കോഴിക്കോട്: ക്രിസ്തീയ സംഘടനയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ സഖ്യകക്ഷിയായാവും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കുക. ദേശീയതയെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് കാസയുടെ സഹസ്ഥാപകനും
സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ വ്യക്തമാക്കി.

കാസ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്നറിയാനായി സംഘടന പലരീതിയിലുള്ള പഠനങ്ങള്‍ നടത്തിയിരുന്നെന്നും അതിലൂടെ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. തങ്ങളുടെ പാര്‍ട്ടി വലതുപക്ഷത്തോട് ചായ്‌വ് ഉള്ള ഒരു ദേശീയ പാര്‍ട്ടി ആയിരിക്കുമെന്നും 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും  കെവിന്‍ പീറ്റര്‍ പറഞ്ഞു.

സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിന്‍ പറയുന്നു. കൂടുതലും മധ്യ കേരളത്തിലും മലബാര്‍ മേഖലയിലുമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും,’ കെവിന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തോല്‍പ്പിക്കുകയാണ് കാസയുടെ ലക്ഷ്യമെന്നും ആയതിനാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേശീയതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കാസ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അത് സ്വതന്ത്രരോ പാര്‍ട്ടി സ്ഥാനാര്‍ഥികളോ ആവാം. ദേശീയതയെ സംബന്ധിച്ചുള്ള അനുകൂല നിലപാടാണ് പ്രധാനമെന്നും കെവിന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയതയെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും കാസയുടെ രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവലതുപക്ഷം വളര്‍ന്ന് വരുന്നുണ്ടെന്നും അമേരിക്കയും ജര്‍മനിയും അതിന്റെ ഉദാഹരണമാണെന്നും അതിനാല്‍ അത് നമ്മുടെ രാജ്യത്തും സാധ്യമാണെന്നും കെവിന്‍ പീറ്റര്‍ അവകാശപ്പെട്ടു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങിലും കാസയ്ക്ക് യൂണിറ്റ് ഉണ്ടെന്നും മലയാളികളാണ് ഈ യൂണിറ്റുകളിലെ അംഗങ്ങളെന്നും കെവിന്‍ പീറ്റര്‍ അവകാശപ്പെടുകയുണ്ടായി.

കേരള കോണ്‍ഗ്രസിനെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി കാസ കണ്ടിരുന്നെങ്കിലും നിലവില്‍ അവര്‍ക്ക് പഴയ ശക്തി ഇല്ലെന്നും കെവിന്‍ പീറ്റര്‍ അഭിപ്രായപ്പെട്ടു. അവര്‍ക്ക് സമുദായത്തിനിടയിലുള്ള സ്വാധീനം കുറഞ്ഞെന്നും ഈ വിടവ് നികത്താന്‍ കാസയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് സാധിക്കുമെന്നും കെവിന്‍ പീറ്റര്‍ ചൂണ്ടിക്കാട്ടി.

‘പണ്ട് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ സഭകള്‍ പറയുന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം അതില്‍ മാറ്റം വന്നു. വിശ്വാസികളുടെ ചിന്തയില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബി.ജെ.പി.യെയും അവരുടെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുക എന്ന തുറന്ന സമീപനമാണ് നിലവില്‍ അവര്‍ക്കുള്ളത്,’ കെവിന്‍ പീറ്റര്‍ പറഞ്ഞു.

Content Highlight: CASA ready to form political party; Will be an ally of BJP