Ranji Trophy
രഞ്ജി ഫൈനല്‍: കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് മുമ്പേ വിധി നിശ്ചയിക്കപ്പെട്ടു; കിരീടമുയര്‍ത്തി വിദര്‍ഭ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 02, 09:16 am
Sunday, 2nd March 2025, 2:46 pm

രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലെ മൂന്നാം കിരീടമുയര്‍ത്തി വിദര്‍ഭ. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെയാണ് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ വിദര്‍ഭ കിരീടം സ്വന്തമാക്കിയത്.

സ്‌കോര്‍

വിദര്‍ഭ: 379 & 375/9

കേരളം: 342

മലയാളി താരം കരുണ്‍ നായരുടെ സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 88 റണ്‍സടിച്ച താരം രണ്ടാം ഇന്നിങ്‌സില്‍ 295 പന്തില്‍ 135 റണ്‍സാണ് അടിച്ചെടുത്തത്.

മത്സരത്തിന്റെ അഞ്ചാം ദിവസം അഞ്ചാം ദിനം കരുണ്‍ നായരുടെ വിക്കറ്റ് വിദര്‍ഭയ്ക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് കരുണിന് ചേര്‍ക്കാനായത്.

ആദിത്യ സര്‍വാതെയുടെ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്ത് ഷോട്ട് കളിക്കാനുള്ള കരുണിന്റെ ശ്രമം പിഴയ്ക്കുകയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കുകയുമായിരുന്നു.

ശേഷമെത്തിയ ഹര്‍ഷ് ദുബെ (26 പന്തില്‍ നാല്), ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ (108 പന്തില്‍ 25) എന്നിവരെ കൂടി മടക്കി കേരളം വേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

എന്നാല്‍ അക്ഷയ് കര്‍നെവാര്‍ – ദര്‍ശന്‍ നാല്‍ക്കണ്ഡേ സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് അവരുടെ ലീഡ് 350 കടത്തി.

ആദ്യ ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് തുടക്കം പാളിയിരുന്നു. ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. രെഖാഡെയെ ജലജ് സക്‌സേന പുറത്തായപ്പോള്‍ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഡാനിഷ് മലേവാര്‍ – കരുണ്‍ നായര്‍ സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു.

മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ യാഷ് റാത്തോഡും (24) മടങ്ങി. ആദിത്യ സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

ഇതിനിടെ 31 റണ്‍സെടുത്ത് നില്‍ക്കവെ കരുണിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം കേരളം കളഞ്ഞുകുളിച്ചു. സ്ലിപ്പില്‍ അക്ഷയ് ചന്ദ്രനാണ് കരുണിന്റെ ക്യാച്ച് പാഴാക്കിയത്. 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിങ്‌സ്. കരുണ്‍ ഈ സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ച്വറിയാണിത്.

രണ്ടാം ഇന്നിങ്‌സില്‍ ആദിത്യ സര്‍വാതെ നാല് വിക്കറ്റ് വീഴ്ത്തി. ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, എന്‍. ബേസില്‍, എം.ഡി നിധീഷ്, ഈഥന്‍ ആപ്പിള്‍ ടോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 98 റണ്‍സ് നേടിയിരുന്നു. കരിയറിലെ 100ാം ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ താരം കാലിടറി വീണു. 79 റണ്‍സടിച്ച ആദിത്യ സര്‍വാതെയാണ് സ്‌കോര്‍ ഉയര്‍ത്തിയ മറ്റൊരു താരം.

 

മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാഡെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് നിഷേധിച്ചത്.

 

Content Highlight: Ranji Trophy Final: Vidarbha defeated Kerala