ഗസ: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗസയില്‍ പിടിമുറുക്കി ഇസ്രഈല്‍. ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുകയും രണ്ടാംഘട്ട കരാറിന് ധാരണയിലെത്താതെയും വന്നതോടെ ഗസയിലേക്കുള്ള മുഴുവന്‍ മാനുഷിക സഹായങ്ങളും ഇസ്രഈല്‍ തടഞ്ഞിരിക്കുകയാണ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് രണ്ടാംഘട്ടത്തിലെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഇസ്രഈല്‍ ഈ നിര്‍ദേശത്തോട് അനുകൂല നിലപാട് എടുത്തെങ്കിലും ഹമാസ് സ്വീകരിച്ചില്ല.
വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചപ്പോള്‍, ആദ്യ ഘട്ടം കൂടുതല്‍ ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിച്ചത്. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ബന്ദികളാക്കിയ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തുകൊണ്ട്, കരാറിന്റെ രണ്ടാം ഘട്ടം മുന്നോട്ട് പോകണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്.
‘ബന്ദികൈമാറ്റ കരാറിന്റെ ഒന്നാം ഘട്ടം അവസാനിച്ചതോടെയും, ഇസ്രഈല്‍ സമ്മതിച്ച വിറ്റ്‌കോഫ് രൂപരേഖ പിന്തുടരുന്നതിന് ഹമാസ് വിസമ്മതിച്ചതിനാലും, ഇന്ന് രാവിലെ മുതല്‍ ഗസ മുനമ്പിലേക്കുള്ള എല്ലാ സാധനങ്ങളുടെ വിതരണത്തിനുള്ള പ്രവേശനം നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നെതന്യാഹു തീരുമാനിച്ചു.
നമ്മുടെ ബന്ദികളെ മോചിപ്പിക്കാതെ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ അനുവദിക്കില്ല. ഹമാസ് വിസമ്മതം തുടര്‍ന്നാല്‍, കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും,’നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
മാനുഷിക സഹായങ്ങള്‍ തടഞ്ഞ ഇസ്രഈലിന്റെ നടപടിയെ വിലകുറഞ്ഞ ഭീഷണി, വെടിനിര്‍ത്തല്‍ കരാറിന്റെ അട്ടിമറി എന്നിങ്ങനെ വിശേഷിപ്പിച്ച ഹമാസ് വക്താവ്, സഹായ വിതരണം പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രഈല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.
ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍കരാര്‍ പ്രകാരം 25 ജീവനുള്ള ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ തിരികെ നല്‍കുകയും ചെയ്തു.
ഗസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ ഇതിനകം ഏകദേശം 48,388 പേരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരായിരുന്നു.
Content Highlight: Israel stops all humanitarian aid to Gaza after first stage of ceasefire ended