World News
ഡൊമെയ്ൻ നാമം ഹിന്ദി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 14, 01:45 pm
Monday, 14th April 2025, 7:15 pm

ന്യൂദൽഹി: ഡൊമെയ്ൻ നാമം ഹിന്ദി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള കടുത്ത എതിർപ്പുകൾക്കിടയിലും കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾ ഹിന്ദി വെബ് വിലാസങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യു.ആർ.എൽ ആണ് ഉപയോഗിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ‘गृहकार्य.सरकार.भारत/en’ എന്നാണ് നിലവിലെ യു.ആർ.എൽ. ഇപ്പോൾ mha.gov.in എന്ന് ടൈപ്പ് ചെയ്‌താൽ അത് ഹിന്ദി യു.ആർ.എലിലേക്ക് ആണ് പോവുക. ‘mha ‘ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം ദൃശ്യമാവുക ഹിന്ദി സൈറ്റാണ്ത്.

2019ലെ കണക്കനുസരിച്ച്, ഏകദേശം 43 ശതമാനം ഇന്ത്യക്കാർക്കും ഹിന്ദി സംസാരിക്കാൻ കഴിയും. എന്നാൽ ഹിന്ദി വായിക്കുന്ന ആളുകളുടെ എണ്ണം താരതമ്യേനെ കുറവാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ത്രിഭാഷാ ഫോർമുല സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നതിനെതിരെ വലിയ വിമർശനം ഉയരവെയാണ് പുതിയ വിവാദവുമായി കേന്ദ്രം എത്തുന്നത്.

ത്രിഭാഷാ നയത്തിനെതിരെ ഏറ്റവും ശക്തമായി എതിർപ്പ് ഉയർത്തുന്നത് തമിഴ്‌നാടാണ്. സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാന് കീഴിലുള്ള ധനസഹായം നിർത്തുമെന്ന് മോദി സർക്കാർ ഭീഷണിപ്പെടുത്തിയതോടെ സംഘർഷം രൂക്ഷമായി.

മുൻകാലങ്ങളിൽ അന്താരാഷ്ട്ര വെബ്, ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം ഡൊമെയ്ൻ നെയിം സിസ്റ്റം (DNS) യഥാർത്ഥത്തിൽ (ASCII ) അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച് പിന്തുണയ്ക്കാൻ വേണ്ടി നിർമിച്ചതാണ്. ഇത് കൂടുതലും ഇംഗ്ലീഷിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

1980കൾ മുതൽ, ലോകമെമ്പാടുമുള്ള ഗവേഷകർ ഈ പരിമിതികൾ മറികടക്കാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, മിക്ക വെബ് ബ്രൗസറുകളും ഇമെയിൽ സേവനങ്ങളും നേരിട്ട് അല്ലെങ്കിലും ഇന്റർനാഷണലൈസ്ഡ് ഡൊമെയ്ൻ നാമങ്ങൾ (IDN-കൾ) കൈകാര്യം ചെയ്യാൻ കഴിയും.

 

Content Highlight: Union Ministry of Home Affairs website adopts Hindi domain name