2025 IPL
ഫസ്റ്റ് ഓവര്‍ 'രാജ'; റെക്കോഡ് തൂക്കി ഖലീല്‍ അഹമ്മദിന്റ ആറാട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 14, 03:03 pm
Monday, 14th April 2025, 8:33 pm

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗ ഏഴ് ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടിയത്. 18 പന്തില്‍ 23 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും ഒമ്പത് പന്തില്‍ 18 റണ്‍സും നേടിയ റിഷബ് പന്തുമാണ് ക്രീസില്‍.

ആദ്യ ഓവറില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിനെ പറഞ്ഞയച്ചാണ് ചെന്നൈ തുടങ്ങിയത്. ഖലീല്‍ അഹമ്മദിന്റ അവസാന പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ മികച്ച ക്യാച്ചിലാണ് മാര്‍ക്രം പുറത്തായത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ ചെന്നൈ പേസര്‍ ഖലീലിന് സാധിച്ചിരിക്കുകയാണ്.

2025 ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ഖലീലിന് സാധിച്ചത്. ഈ നേട്ടത്തില്‍ നിലവില്‍ നാല് വിക്കറ്റുകളാണ് താരം നേടിയത്. റെക്കോഡ് ലിസ്റ്റില്‍ രണ്ടാമതുള്ളത് രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചറാണ്. മൂന്ന് വിക്കറ്റുകളാണ് താരം ആദ്യ ഓവറില്‍ സ്വന്തമാക്കിയത്. അപകടകാരിയായ ലഖ്‌നൗ ബാറ്റര്‍ നിക്കോളാസ് പൂരനെ അന്‍ഷുല്‍ കാംബോജ് എല്‍.ബി.ഡബ്ല്യുവിലൂടെ പറഞ്ഞയച്ച് ടീമിന്റെ രണ്ടാം വിക്കറ്റും നേടുകയായിരുന്നു. എട്ട് റണ്‍സിനാണ് താരം മടങ്ങിയത്.

അതേസമയം ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയും സ്പിന്നര്‍ ആര്‍. അശ്വിനും ഇല്ലാതെയാണ് ചെന്നൈ ഇലവന്‍ പ്രഖ്യാപിച്ചത്. പകരം ജെയ്മി ഓവര്‍ടണ്‍, ഇതുവരെ കളിക്കാത്ത ഷെയ്ക്ക് റഷീദ് എന്നിവരെയാണ് സി.എസ്.കെ ടീമില്‍ എത്തിച്ചത്. വമ്പന്‍ മാറ്റങ്ങളോടെ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ചെന്നൈ കളത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളും തോല്‍വി വഴങ്ങിയാണ് ചെന്നൈ തങ്ങളുടെ ഏഴാം മത്സരത്തില്‍ ലഖ്‌നൗനെതിരെ കച്ചമുറുക്കുന്നത്. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ചെന്നൈക്കുള്ളത്. അതേസമയം ലഖ്‌നൗ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ടു തോല്‍വിയും ഉള്‍പ്പെടെ നാലാം സ്ഥാനത്താണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ഷെയ്ഖ് റഷീദ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജെയ്മി ഓവര്‍ട്ടണ്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, ആകാശ് ദീപ്, ദിഗ്‌വേഷ് സിങ് റാത്തി

Content Highlight: IPL 2025: Khaleel Ahmed In Great Record Achievement In 2025 IPL