പമ്പാ നദിയുടെ അഗാധതകളിലേയ്ക്കാഴ്ന്നു പോയി മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട് കരുണ്‍ നായര്‍. ‘ആറന്മുള വള്ളസദ്യക്കായി പുറപ്പെട്ട ചുണ്ടന്‍വള്ളം മറിഞ്ഞ് കര്‍ണാടയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റര്‍ മുങ്ങി മരിച്ചു’, എന്നൊരു വാര്‍ത്താകോളത്തില്‍ ഒതുങ്ങി പോകേണ്ടതായിരുന്നു അന്ന്.
ഊര്‍ന്നു പോയ ജീവനെ തിരികെ പിടിച്ചു കയറിവന്ന് മാസങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ വെളുത്തകുപ്പായമണിഞ്ഞ് ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നുണ്ട് അയാള്‍. വിരേന്ദര്‍ സേവാഗിന് ശേഷം ആ നേട്ടം കൈവരിക്കുന്ന ഒരേ ഒരു ഇന്ത്യക്കാരന്‍. അരങ്ങേറി ഏറ്റവും വേഗത്തില്‍ അന്താരാഷ്ട്ര ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ക്രിക്കറ്റര്‍.
രാജസ്ഥാനില്‍ ജനിച്ച് കര്‍ണാടകയിലേക്ക് കുടിയേറിപ്പാര്‍ത്ത മലയാളി. സ്റ്റേഡിയത്തിലെ സ്പ്രിംങ്ക്‌ളര്‍ സിസ്റ്റത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എഞ്ചിനീയറായ അച്ഛനൊപ്പം ചരിത്രമുറങ്ങുന്ന ബെംഗളൂരു ചിന്നസ്വാമിയിലൂടെ കാല്‍വെച്ചു നടന്നു തുടങ്ങിയവന്‍.
കര്‍ണാടയ്ക്കായി അരങ്ങേറിയ വര്‍ഷം തന്നെ തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളോടെ അവര്‍ക്ക് രഞ്ജി ട്രോഫി നേടി കൊടുക്കുന്നുണ്ട് അയാള്‍. രണ്ട് സീസണുകള്‍ക്ക് ശേഷം, വീണ്ടും കര്‍ണാടക രഞ്ജി ട്രോഫി നേടുമ്പോള്‍ ഫൈനലില്‍ 328 റണ്‍സ് നേടി, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രഞ്ജി ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോഡ് സ്വന്തം പേരിലാക്കുന്നുമുണ്ട് അയാള്‍.
തുടര്‍ന്ന് ഇന്ത്യന്‍ ഏകദിന ടീമിലും, ടെസ്റ്റ് ടീമിലേക്കും അരങ്ങേറ്റം. ഇന്ത്യന്‍ കുപ്പായത്തിലും ട്രിപ്പിള്‍ സെഞ്ച്വറി.
എന്നാല്‍, ക്രിക്കറ്റ് റെക്കോഡ് ബുക്കുകളില്‍ പേരെഴുതിച്ചേര്‍ത്തു വെച്ച് ഒന്നും പറയാതെ ഒന്നുമാവാതെ,
തൊട്ടതെല്ലാം പിഴച്ചു പോയൊരു നിരാശയുടെയും അവഗണനയുടെയും കറുത്തകാലം പിന്നീടങ്ങോട്ട് ജീവിച്ചു തീര്‍ക്കുന്നുണ്ട് അയാള്‍.
കര്‍ണാടകയുടെ നെടും തൂണായിരുന്നവന്‍, ആദ്യം സൈഡ് ബെഞ്ചിലേക്കും പിന്നീട് ടീമില്‍ നിന്ന് തന്നെയും പുറന്തള്ളപ്പെടുന്നു. ജന്മനാടായ കേരളത്തിന് വേണ്ടി കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മലയാളി എന്ന പേഴ്‌സണല്‍ സെന്റിമെന്‍സിനപ്പുറം പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫോമില്ലാത്ത അയാള്‍ക്ക് സ്ഥാനം നല്‍കുവാന്‍ താത്പര്യം കാണിച്ചില്ല.
കരുണ്‍ നായരുടെ ജീവിതം അങ്ങനെ ഉയര്‍ച്ച താഴ്ചകളുടെ നിമ്‌നോന്നതങ്ങള്‍ നിറഞ്ഞ് ഒരു സിനോസോഡിയല്‍ തരംഗം പോലെയായിരുന്നു. ആ യാത്രയില്‍ ചിലപ്പോഴൊക്കെ അയാള്‍ മഹാദ്രികളുടെ അഗ്രത്തു കയറി നിന്ന് ആകാശത്തെ സ്പര്‍ശിച്ചു. മറ്റു ചിലപ്പോള്‍ പമ്പാനദിയുടെ അടിത്തട്ടില്‍ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു.
പക്ഷെ മുങ്ങിച്ചത്തൊടുങ്ങിപോകുവാന്‍ ഒരുക്കമല്ലായിരുന്നു അയാള്‍. കര്‍ണാടക ഒഴിവാക്കിയവന്, കേരളം വേണ്ടന്ന് വെച്ചവന് ഒടുവില്‍ വിദര്‍ഭയില്‍ അഭയം. ഇനിയൊരു പുല്‍നാമ്പുപോലും മുളയ്ക്കില്ലാത്ത മരഭൂമിയെന്ന് കരുതി ഒഴിവാക്കിയത് തുടര്‍വസന്തങ്ങളുടെ പൂമാരി പെയ്യാന്‍ പോകുന്നൊരു സ്വപ്നഭൂമിയായിരുന്നുവെന്ന സത്യം പലരും ഇന്ന് തിരിച്ചറിയുന്നു.
വിദര്‍ഭയുടെ ജേഴ്‌സിയില്‍ ചുവപ്പെന്നോ വെളുപ്പെന്നോ ഭേദമില്ലാതെ അയാള്‍ തുകല്‍ പന്തിനെ അടിച്ചു പറത്തി. വിജയ് ഹസാര ട്രോഫിയില്‍, അഞ്ചു സെഞ്ച്വറികള്‍ അടക്കം 389 എന്ന അമ്പരപ്പിക്കുന്ന ആവറേജില്‍ 7 മത്സരങ്ങളില്‍ നിന്ന് 779 റണ്‍സ് നേടി വിദര്‍ഭയെ ഫൈനലില്‍ എത്തിക്കുന്നു. ഇപ്പോള്‍, രഞ്ജി ട്രോഫിയില്‍, 4 സെഞ്ച്വറികള്‍ അടക്കം 860 റണ്‍സ് നേടി വിദര്‍ഭയ്ക്ക് രഞ്ജി കപ്പ് ഉറപ്പിക്കുന്നു.
ഒരിക്കല്‍ തന്നെ തീര്‍ത്തും പ്രൊഫഷണലായി വേണ്ടന്നു വെച്ച കേരളാ ക്രിക്കറ്റ് അസോസിയേഷനോട് ഫൈനലിന്റെ വിധി നിര്‍ണയിച്ച, ആദ്യ ഇന്നിങ്‌സിലെ 86 റണ്‍സും രണ്ടാം ഇന്നിങ്‌സിലെ 135 റണ്‍സും നേടി കേരളത്തിന്റെ കന്നി കപ്പ് മോഹങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് കരുണ്‍ നായര്‍ പറയാതെ പറയുന്നുണ്ടാവും,
‘സോറി ദേര്‍ ഈസ് നത്തിങ് പേഴ്‌സണല്‍ എബൌട്ട് ഇറ്റ്. ആഫ്റ്ററോള്‍ വീ ആര്‍ ഓള്‍ പ്രൊഫഷണല്‍സ് ‘
Content Highlight: Jayaram Gopinath writes about Karun Nair