Advertisement
Champions Trophy
300 നോട്ട്ഔട്ട്; ഒറ്റ റണ്ണെടുക്കും മുമ്പ്, ഒറ്റ ക്യാച്ച് പൂര്‍ത്തിയാക്കും മുമ്പ് ചരിത്ര നേട്ടത്തില്‍ വിരാട്; ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 02, 08:54 am
Sunday, 2nd March 2025, 2:24 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ-യിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മയും അഭിപ്രായപ്പെട്ടത്.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇതിനോടകം തന്നെ സെമി ഫൈനല്‍ യോഗ്യത നേടിയ രണ്ട് ടീമുകള്‍ മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. ഈ മത്സരം വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരാകാനും സാധിക്കും.

ഇന്ത്യന്‍ സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായി വിരാട് കോഹ്‌ലി തന്റെ കരിയറിലെ 300ാം ഏകദിനത്തിനാണ് കളത്തിലിറങ്ങുന്നത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത് മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടവുമായാണ് വിരാട് മത്സരത്തിന് മുമ്പ് തന്നെ റെക്കോഡ് സ്വന്തമാക്കിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

നേരത്തെ പാകിസ്ഥാനെതിരായ മത്സരത്തില്‍ വിരാട് ഈ നേട്ടത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ പരിക്ക് മൂലം കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാനെതിരെ ഈ നേട്ടത്തിലെത്താന്‍ താരത്തിന് സാധിക്കാതെ പോയത്.

ന്യൂസിലാന്‍ഡിനെതിരെ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിന്റെ ഭാഗമാവുകയാണ്.

ന്യൂസിലാന്‍ഡ് നിരയിലും ഒരു മാറ്റമാണുള്ളത്. ബംഗ്ലാദേശിനെതിരെ അസുഖബാധിതനായി പുറത്തിരിക്കേണ്ടി വന്ന ഡാരില്‍ മിച്ചല്‍ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചുവന്നു. ഡെവോണ്‍ കോണ്‍വേയാണ് പുറത്തിരിക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

Content Highlight: ICC Champions Trophy 2025: NZ vs IND: Virat Kohli plays his 300th ODI