തിരുവനന്തപുരം: കേരളത്തിൽ ആക്രമണങ്ങൾ വളരുന്ന സാഹചര്യം മാറണമെന്നും ലഹരിയും സമൂഹ മാധ്യമങ്ങളും യുവ തലമുറ അടക്കമുള്ള ആളുകളെ സ്വാധീനിക്കുന്നുവെന്നും നടൻ മോഹൻ ലാൽ. ബന്ധങ്ങള്‍ക്ക് വില നല്‍കണമെന്നും അക്രമമല്ല ഒന്നിന്‍റെയും പരിഹാരമെന്നും ജീവിതമാകണം ലഹരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിനും ലഹരിക്കുമെതിരെ ജാഗ്രതാ സന്ദേശവുമായുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച മെഗാ ലൈവത്തോണിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് നമ്മുടെ കേരളത്തെ വിളിക്കാറ്. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കൊല്ലുന്ന മക്കള്‍, അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍, കൂട്ടക്കൊലകള്‍, സുഹൃത്തുക്കള്‍ തമ്മില്‍ നിസാര കാര്യത്തിന് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ വലിയ അക്രമമാകുന്നു. ലഹരി, സോഷ്യല്‍ മീഡിയ അടക്കം പല ഘടകങ്ങളാണ് ആളുകളെ അതിക്രമങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതമാകണം ലഹരി. ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് ‘നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’. കയ്യടി നേടുന്ന ഒരു സിനിമ വാചകത്തിന് അപ്പുറം ഇതിന് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. പ്രശ്നങ്ങൾ തുറന്ന് സംസാരിക്കണം, ബന്ധങ്ങൾക്ക് വലിയ വില നൽകണം. ജീവിതത്തിൽ പ്രതിസന്ധി ഇല്ലാത്ത ആരും ഉണ്ടാകില്ല പക്ഷെ അക്രമം അല്ല ഒന്നിന്‍റെയും പരിഹാരം,’ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പെരുകുന്ന അക്രമങ്ങൾക്കും ലഹരിക്കുമെതിരെ സമൂഹത്തെ ഒന്നിപ്പിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് ‘മലയാളികളെ ശാന്തരാകൂ’ എന്ന മെഗാ ലൈവത്തോൺ നടത്തിയിരുന്നു. കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ സുലഭമായ രാസലഹരിയെ പിടിച്ചുകെട്ടാൻ നിയമസംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി ലൈവത്തോണിൽ ആവശ്യപ്പെട്ടു.
കുട്ടികൾ ലഹരി ഉപയോഗിക്കുന്നു എന്ന സംശയം തോന്നിയാൽ അന്വേഷണ ഏജൻസികളെ ബന്ധപ്പെടാൻ രക്ഷിതാക്കൾ ഭയക്കരുതെന്ന് ലൈവത്തോണിൽ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽനിന്ന് മോചിതരായ അനുഭവം പങ്കുവെച്ച പ്രേക്ഷകരും ലൈത്തോണിന്‍റെ ഭാഗമായി. മാനവീയം വീഥിയിലൊരുക്കിയ വേദിയിൽ കവി മുരുകൻ കാട്ടാക്കട, ദേശീയ അധ്യാപക അവാര്‍ഡ് നേടിയ സുജി, വിഴിഞ്ഞം പോര്‍ട്ട് എം.ഡി ദിവ്യ എസ്. അയ്യര്‍, ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടങ്ങിയവ പ്രമുഖരും പൊതുജനങ്ങളും അണിചേര്‍ന്നു.
സമൂഹം ഒറ്റക്കെട്ടായി ഉണരണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഉറങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അപകടകാരികളായ ഗെയിമുകൾക്ക് തടയിടുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമും പറഞ്ഞു.
Content Highlight: Narcotics is a dirty business: Mohanlal