ഈ വര്‍ഷം, അല്ല ഈ മത്സരം പൂര്‍ത്തിയാകും മുമ്പേ കപില്‍ വീഴും, ഒപ്പം ഇന്ത്യയുടെ അഭിമാനമായ സൂപ്പര്‍ താരവും; ബുംറ തിളങ്ങുന്നു
Sports News
ഈ വര്‍ഷം, അല്ല ഈ മത്സരം പൂര്‍ത്തിയാകും മുമ്പേ കപില്‍ വീഴും, ഒപ്പം ഇന്ത്യയുടെ അഭിമാനമായ സൂപ്പര്‍ താരവും; ബുംറ തിളങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th December 2024, 9:23 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ പതിയെ കെടുകയാണ്. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 394 റണ്‍സിന് പിറകിലാണ് ഇന്ത്യ. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

ഓസ്‌ട്രേലിയ: 445

ഇന്ത്യ: 51/4

മത്സരം സമനിലയിലെത്തിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. പരമ്പരയിലെ തിരിച്ചുവരവിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഈ മത്സരഫലം പ്രതിഫലിക്കും.

സൂപ്പര്‍ താരങ്ങളുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് വെല്ലുവിളിയാകുന്നത്. ഒരിക്കല്‍ക്കൂടി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വേഗതക്ക് മുമ്പില്‍ യശസ്വി ജെയ്‌സ്വാളിന് ഉത്തരമില്ലാതെ പോയപ്പോള്‍ ശുഭ്മന്‍ ഗില്‍ (മൂന്ന് പന്തില്‍ ഒന്ന്), വിരാട് കോഹ്‌ലി (16 പന്തില്‍ മൂന്ന്), റിഷബ് പന്ത് (12 പന്തില്‍ ഒമ്പത്) എന്നിവരും നിരാശപ്പെടുത്തി.

64 പന്തില്‍ 33 റണ്‍സുമായി കെ.എല്‍. രാഹുല്‍ ബാറ്റിങ് തുടരുകയാണ്.

പരമ്പരയില്‍ സ്ഥിരതയോടെ കളിക്കുന്നത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ മാത്രമാണ്. മത്സരം വിജയിക്കാന്‍ ആഗ്രഹിക്കുന്നത് ബുംറ മാത്രമാണെന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകും.

ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായാണ് ബുംറ ഓസ്‌ട്രേലിയക്ക് മേല്‍ നാശം വിതച്ചത്. സെഞ്ച്വറിയുമായി തിളങ്ങിയ ട്രോവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയുമടക്കം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍മാരെല്ലാം തന്നെ ബുംറയുടെ കരുത്തറിഞ്ഞു.

ഈ ആറ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ 50 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടം പൂര്‍ത്തിയാക്കാനും ബുംറക്ക് സാധിച്ചു.

ഇതിനൊപ്പം ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. ഒരു ഓവര്‍സീസ് രാജ്യത്ത് ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് താരം റെക്കോഡിട്ടത്. ഇതിഹാസ താരം കപില്‍ ദേവും സൂപ്പര്‍ താരം ഇഷാന്ത് ശര്‍മയും മാത്രമാണ് നിലവില്‍ ബുംറക്ക് മുമ്പിലുള്ളത്.

ഒരു ഓവര്‍സീസ് രാജ്യത്ത് ഏറ്റവുമധികം വിക്കറ്റുകളുള്ള ഇന്ത്യന്‍ ബൗളര്‍

(താരം – എതിരാളികള്‍/ രാജ്യം – വിക്കറ്റ് എന്നീ ക്രമത്തില്‍)

കപില്‍ ദേവ് – ഓസ്‌ട്രേലിയ – 51

ഇഷാന്ത് ശര്‍മ – ഇംഗ്ലണ്ട് – 51

ജസ്പ്രീത് ബുംറ – ഓസ്‌ട്രേലിയ – 50*

വരും ഇന്നിങ്‌സുകളില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ബുംറക്ക് കപിലിനും ഇഷാന്ത് ശര്‍മയ്ക്കും ഒപ്പമെത്താനും മറ്റൊരു വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ ഇരുവരെയും മറികടക്കാനും സാധിക്കും. ഗാബയിലെ രണ്ടാം ടെസ്റ്റില്‍ തന്നെ ബുംറ ഇരുവരെയും മറികടന്ന് ഒന്നാമതെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: IND vs AUS: Jasprit Bumrah need 2 wickets to surpass Kapil Dev and Ishanth Sharma