ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മയ്ക്ക് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ച് മുന്‍ സെലക്ടര്‍ ദേവാംഗ് ഗാന്ധി. ഓപ്പണറായല്ല മറിച്ച് രോഹിത് ശര്‍മ ആറാം നമ്പറില്‍ കളത്തിലിറങ്ങണമെന്നാണ് അദ്ദേഹം പറയുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ടീമിനൊപ്പമുണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് രോഹിത് എത്തുകയായിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ആദ്യ ടെസ്റ്റില്‍ ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് രാഹുല്‍ – ജെയ്‌സ്വാള്‍ ജോഡി പുറത്തെടുത്തത്. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ മത്സരത്തിലും ഇതേ ജോഡി തന്നെയാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
രണ്ടാം ടെസ്റ്റിലും രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യരുതെന്നാണ് ഗാന്ധി പറയുന്നത്. ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ക്ക് ഓപ്പണറായി കളിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുെമന്നും എന്നാല്‍ ഓപ്പണര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങുന്നത് ബുദ്ധിമുട്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് തോന്നുന്നത് രോഹിത് ആറാം നമ്പറില്‍ കളിക്കണമെന്നാണ്. അഞ്ചാം നമ്പറില്‍ റിഷബ് പന്ത് സ്വയം തെളിയിച്ചുകഴിഞ്ഞു, മികച്ച പ്രകടനമാണ് അവന്‍ ആ പൊസിഷനില്‍ പുറത്തെടുക്കുന്നത്. ആ ലെഫ്റ്റ് – റൈറ്റ് കോംബോയെ (ഓപ്പണിങ്ങില്‍) നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം.
ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ഓപ്പണറായി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഭാവിയില്‍ അത് അവന്റെ കരിയറില്‍ ദോഷം ചെയ്‌തേക്കും. എന്നാല്‍ ഒരു ഓപ്പണര്‍ക്ക് മിഡില്‍ ഓര്‍ഡറിലേക്ക് വരിക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. പ്രത്യേകിച്ച് രോഹിത് ശര്‍മയെ പോലെ ഒരു താരത്തിന്, ഇന്ത്യക്കായി ആറാം നമ്പറില്‍ ബാറ്റ് ചെയ്താണ് അവന്‍ കരിയര്‍ ആരംഭിച്ചത്,’ ഗാന്ധി പറഞ്ഞു.
അതേസമയം, രോഹിത് ടീമിന്റെ ഭാഗമാകുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മടങ്ങിയെത്തുന്നതോടെ പ്ലെയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ടാകും. രോഹിത് ശര്‍മ കെ.എല്‍. രാഹുലിന് പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതോടെ ബാറ്റിങ് ഓര്‍ഡറിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങും. പടിക്കലും ജുറെലും ടീമിലുണ്ടാകില്ല. രാഹുല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യും. വാഷിങ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജ ടീമിലുണ്ടാകണം’ ഗവാസ്‌കര്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അഭാവത്തിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. രോഹിത്തിന് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ജസ്പ്രീത് ബുംറ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ എവേ വിജയത്തിലേക്കാണ് നയിച്ചത്. 295 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിച്ചുകയറിയത്. ഇതോടെ പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് തോല്‍വിയും കുറിക്കപ്പെട്ടു.
ആദ്യ മത്സരത്തിലെ വിജയം രണ്ടാം മത്സരത്തിലും ആവര്‍ത്തിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് അഡ്ലെയ്ഡ് ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: IND vs AUS: Former selector Devang Gandhi says Rohit Sharma should bat in NO: 6\