ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി (എന്‍.സി.പി) ചര്‍ച്ചകള്‍ നടത്തിയെന്ന് സമ്മതിച്ച് ശിവസേന മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സഞ്ജയ് റാവത്ത് പറഞ്ഞു.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും റാവത്ത് വ്യക്തമാക്കി. ഇന്നലെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ദല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം സംസ്ഥാനത്ത് നിന്ന് മാത്രം എടുക്കും. ശരദ് പവാര്‍ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകില്ല. അത് ശിവസേനയില്‍ തന്നെ ആയിരിക്കും. ഞാന്‍ ശരദ് പവാറുമായി സംസാരിച്ചു. ഞാന്‍ കള്ളം പറയുകയല്ല. ഇത് കുറ്റകരമല്ല (പവാറുമായി സംസാരിക്കുന്നത്). മറ്റ് പാര്‍ട്ടികളും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്’- റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാരുണ്ടാകണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ഞങ്ങള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയത്.