'ഈ വിദ്യാലയമാണ് എന്റെ ഭാവി നശിപ്പിച്ചത്'; തൃശൂരില്‍ സ്‌കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥി
Kerala News
'ഈ വിദ്യാലയമാണ് എന്റെ ഭാവി നശിപ്പിച്ചത്'; തൃശൂരില്‍ സ്‌കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 12:30 pm

തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെപ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് സംഭവം. തോക്കുമായെത്തി ക്ലാസ്‌റൂമില്‍ കയറി മുകളിലേക്ക് വെടിയുതിര്‍ത്ത് സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകായിരുന്നു. തൃശൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട എയ്ഡഡ് സ്‌കൂളാണ് വിവേകോദയം. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ കയറി അതിക്രമം കാണിച്ചിരിക്കുന്നത്.

സകൂളിനകത്ത് കയറി ജഗന്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ജഗന്‍ സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരിക്കുന്നതും തോക്കെടുത്ത് ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. മൂന്ന് തവണ വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിയുതിര്‍ത്തതിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജഗനെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്.

ജഗനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ജഗന്‍ ലഹരിക്കടിമായണെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ജഗന്‍ ഇപ്പോഴുള്ളത്. സ്‌കൂളിലെത്തി ചില വിദ്യാര്‍ത്ഥികളെ ജഗന്‍ ആവശ്യപ്പെട്ടുവെന്നും ക്ലാസ് റൂമിലും സ്റ്റാഫ് റൂമിലും കയറി മൂന്ന് തവണ നിറയൊഴിച്ചു എന്നാണ് സ്‌കൂളിലുണ്ടായിരുന്നവര്‍ അറിയിച്ചിരിക്കുന്നത്.

ഈ വിദ്യാലത്തില്‍ നിന്നാണ് തന്റെ ഭാവി നശിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി സംഭവ സമയത്ത് സ്‌കൂളിലുണ്ടായിരുന്ന ടീച്ചര്‍ പറഞ്ഞു.

തൃശൂര്‍ ജില്ല കളക്ടറും കോര്‍പറേഷന്‍ മേയറും വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരയെും സന്ദര്‍ശിച്ചു. രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോര്‍പറേഷന്‍ മേയറും കളക്ടറും പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

content highlights;In Thrissur, former student entered the school and opened fire