കൊച്ചി: യുവനടനും വിഷ്വല്‍ എഡിറ്ററും പൊലീസിനെ അക്രമിച്ചെന്ന കേസില്‍ പൊലീസ് വാദം പൊളിയുന്നു. പിടിയിലായ യുവാക്കളെ പൊലീസ് നിലത്തിട്ട് ചവിട്ടുന്ന വീഡിയോ പുറത്തുവന്നു. ഇന്നലെ രാത്രി സംഭവം കണ്ടുനിന്ന ആളുകള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
പിടിയിലായവരെ നോര്‍ത്ത് സി.ഐ. മുഖത്തടിച്ചെന്നും പരാതിയുണ്ട്. നടന്‍ സനൂപ് അടക്കമുള്ളവരെ പിടിയിലായ ശേഷം വാഹനത്തില്‍ ബലം പ്രയോഗിച്ച് കയറ്റുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. എന്നാല്‍ യുവാക്കള്‍ ജീപ്പില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള പിടിവലിയാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് പൊലീസ് വാദം.
ഇന്നലെ രാത്രി ദേശാഭിമാനി ജംങ്ഷനിലാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി സനൂപ് കുമാര്‍, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്.
‘ബി ബോയ് സാന്‍’ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മദ്യപാനിയെ പോലെ റാസ്പുടിന്‍ ഡാന്‍സിന് ചുവടുവെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സനൂപ് കുമാര്‍. ‘കുമാരി’ എന്ന മലയാള ചിത്രത്തിലും അടുത്തിടെ ഇദ്ദേഹം അഭിനയിച്ചിരുന്നു. തൃശൂര്‍ താവൂസ് തിയേറ്ററിലെ ജീവനക്കാരനാണ് സനൂപ്. പാലക്കാട് സ്വദേശി രാഹുലും സിനിമാ മേഖലയില്‍ എഡിറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. നാല് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ച് ഇവരുമായി പൊലീസ് തര്‍ക്കത്തിലാവുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ചോദിച്ച എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഇന്‍സ്‌പെക്ടറെയും സംഘത്തേയും അക്രമിച്ചെന്നാണ് പൊലീസ് വാദം.