കര്‍ഷകരുടെ ശബ്ദം രാഹുലിലൂടേയും മഹുവയിലൂടെയും പാര്‍ലമെന്റില്‍ എത്തുമ്പോള്‍; കാലിടറുമോ മോദിക്ക്
Opinion
കര്‍ഷകരുടെ ശബ്ദം രാഹുലിലൂടേയും മഹുവയിലൂടെയും പാര്‍ലമെന്റില്‍ എത്തുമ്പോള്‍; കാലിടറുമോ മോദിക്ക്
അജോയ് ആശിര്‍വാദ് മഹാപ്രശസ്ത
Saturday, 13th February 2021, 4:16 pm

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ പാര്‍ലമെന്റില്‍ രണ്ട് പ്രതിപക്ഷ നേതാക്കളില്‍ നിന്ന് തീപാറുന്ന രണ്ട് പ്രസംഗങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു.

വിമര്‍ശകരുടെ വായടക്കാന്‍ പ്രധാനമന്ത്രി പ്രയോഗിച്ച ഏറെ വിവാദമായ, കുപ്രസിദ്ധി നേടിയ ‘ആന്തോളന്‍ ജീവി’ പരാമര്‍ശത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര കേന്ദ്ര സര്‍ക്കാരിനെ തന്റെ നാടകീയ പ്രസംഗത്തിലൂടെ പിടിച്ചു കുലുക്കി.

വ്യാഴാഴ്ച ഒരു പക്ഷേ തന്റെ ഏറ്റവും ശക്തമായ പ്രസംഗത്തിലൊന്നിലൂടെ രാഹുല്‍ ഗാന്ധി ഈ ആക്രമണം കുറച്ചുകൂടി തീവ്രമാക്കി. കേന്ദ്ര ബജറ്റിനെക്കുറിച്ച് ചര്‍ച്ചനടത്തേണ്ട സമയം രാഹുല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചു, അത് കര്‍ഷകരെയും തൊഴിലാളികളയെും മറ്റ് വിഭാഗങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് സ്പഷ്ടമാക്കി.

ഈ രണ്ട് എം.പിമാരും കേന്ദ്രത്തിന്റെ വിമര്‍ശകരാണ് എന്നത് നേരത്തെ അറിയാവുന്നതാണ്.

പക്ഷേ ഇവിടെ നിര്‍ണായകമാകുന്നത് ഇവരിരുവരും പാര്‍ലമെന്റില്‍ വെച്ച് തന്നെ, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ, കര്‍ഷക സമരം ശക്തിപ്രാപിക്കുമ്പോള്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നുവെന്നതാണ്.

ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും സ്വയംഭരണാധികാരത്തെ ദുര്‍ബലപ്പെടുത്താനായി സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും മഹുവ എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ രാഹുല്‍ മോദി സര്‍ക്കാരിനെ നയിക്കുന്നത് ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടാണെന്ന് ഉറച്ചു പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ സ്‌കോര്‍ ചെയ്യാനുള്ള വേദിമാത്രമാക്കി പാര്‍ലമെന്ററി ചര്‍ച്ചകളെ മാറ്റിയ ബി.ജെ.പി സര്‍ക്കാരിന് ഈ ആഴ്ച രണ്ട് പ്രതിപക്ഷ എം.പിമാരുടെ പ്രസംഗം വെല്ലുവിളിയായി. മോദിയുടെ വൈകാരിക പ്രസംഗത്തിനപ്പുറം ഈ പ്രസംഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഈ ആഴ്ച അവസാനത്തോടെ പ്രതിപക്ഷത്തിന് ഏറ്റവും വലിയ മറ്റൊരു പോയിന്റ് കൂടി സഭയില്‍ വെക്കാനാകും.
മോദിയുടെ ‘ആന്തോളന്‍ജീവി’ പരാമര്‍ശത്തിന് തക്ക മറുപടി കൊടുക്കാന്‍ മോദി അമിത് ഷാ കൂട്ടുകെട്ടിനെയും അവരുടെ അംബാനി അദാനി ബന്ധത്തേയും തുറന്നുകാട്ടിയുള്ള രാഹുലിന്റെ ‘ഹം ദോ ഹമാരേ ദോ’ പരാമര്‍ശത്തിന് സാധിച്ചിട്ടുണ്ട്.

ബി.ജെ.പിയും അവരുടെ നേതാക്കളും ഭീരുക്കളാണ്, തങ്ങളുടെ വിമര്‍ശകര്‍ക്ക് നേരെ അവര്‍ സമ്മര്‍ദ്ദതന്ത്രം ഉപയോഗിക്കുകയാണ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുകയാണ് തുടങ്ങി വസ്തുതകള്‍ ചൂണ്ടിക്കാട്ടി കൃത്യമായി വിമര്‍ശനങ്ങള്‍ മഹുവ മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ ആക്രമണവും വരുന്നത്.

”ഭീരുക്കളും ധൈര്യശാലികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഭീരുക്കള്‍ക്ക് അധികാരമുണ്ടായിരിക്കുമ്പോഴേ ധൈര്യമുണ്ടാകൂ എന്നതാണ്. പക്ഷേ ധൈര്യശാലികള്‍ അങ്ങനെയല്ല അവര്‍ക്ക് ആയുധമില്ലെങ്കിലും പോരാടാന്‍ സാധിക്കും,” ഗാസിപൂരിലെ കര്‍ഷകരെ നേരിടാന്‍ ഉത്തര്‍പ്രദേശ് പൊലീസിനെ ഇറക്കിയ നടപടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ മഹുവ പറഞ്ഞു.

‘ നിങ്ങള്‍ ധൈര്യവാന്മാരല്ല, നിങ്ങള്‍ അധികാരം കയ്യാളുന്ന ഭീരുക്കളാണ്. ഗ്രാമത്തില്‍ നിന്നുള്ളവര്‍ ധൈര്യശാലികളായി മുന്നോട്ടുവരുന്നത് അവര്‍ ഉന്നയിക്കുന്ന കാരണം നീതിപൂര്‍വ്വമാണെന്ന വിശ്വാസത്തിലാണ്,” അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ മഹുവ പറഞ്ഞു.

വ്യാഴാഴ്ച രാഹുലും സമാനമായ രീതിയില്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് മോദി സര്‍ക്കാരില്‍ നിന്ന് അനധികൃതമായി നേട്ടം കൊയ്ത കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ലമെന്റില്‍ സംസാരം തടസപ്പെടുത്താനുള്ള ശ്രമങ്ങളെ ഗൗനിക്കാതെയായിരുന്നു ഇരു നേതാക്കളും സംസാരിച്ചത്.

കര്‍ഷക സമരത്തില്‍ നിന്നുള്‍ക്കൊണ്ടതാകാം അവര്‍ ഈ ആവേശകരമായ ഊര്‍ജം. ട്രഷറി ബെഞ്ചിന്റെ ഇടപെടലുണ്ടാകുമ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് അവര്‍ സഹായം നല്‍കി. മഹുവ സംസാരിക്കുന്നതിനിടെ അത് തടസ്സപ്പെടുത്താന്‍ നിന്ന ബി.ജെ.പി എം.പിമാരെ തടയാന്‍ പ്രതിപക്ഷത്തിലെ മറ്റ് സഹപ്രവര്‍ത്തകര്‍ അവരെ സഹായിച്ചു.

ഗാന്ധിയെ ബി.ജെ.പിയുടെ സാമാജികര്‍ തടസപ്പെടുത്തിയപ്പോള്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നതിന്റെ പ്രാധാന്യം പറയുന്ന നിയമങ്ങള്‍ വായിക്കാന്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ടി.എം.സിയുടെ സൗഗാത റോയിയും എഴുന്നേറ്റുനിന്നു.

കേന്ദ്രം ഏറ്റവും ശക്തമായ വെല്ലുവിളികള്‍ നേരിടുമ്പോഴാണ് പ്രതിപക്ഷം ശക്തി പ്രാപിച്ചത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള വര ഇത്ര കൃത്യമായി കാണാന്‍ കഴിഞ്ഞിട്ടില്ല.

ഒരുവശത്ത് മോദി സര്‍ക്കാര്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിനായി അക്രമണാത്മകമായ വാദങ്ങള്‍ ഉന്നയിക്കുന്നു. മറുവശത്ത് പ്രതിപക്ഷം പ്രതിഷേധിക്കുന്ന ബഹുജനങ്ങളോടൊപ്പവും, തൊഴിലില്ലാത്തവരോടും ദരിദ്രരോടൊപ്പവും നിന്ന് സാമ്പത്തിക വളര്‍ച്ചയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയിലെ പാര്‍ലമെന്റ് ചര്‍ച്ചയിലെ സമരജീവി പ്രയോഗവും രാഹുലിന്റെ ‘ഹം ദോ ഹമാരേ ദോ’ പോരാട്ടവും ഇനിയും തുടരും.

ഐ.പി.എസ്.എം.എഫിന്‍റെ സഹകരണത്താല്‍ ദ വയറിന്‍റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In Rahul Gandhi, Mahua Moitra’s Fiery Speeches, a Glimpse of a Spirited Opposition

അജോയ് ആശിര്‍വാദ് മഹാപ്രശസ്ത
ഡെപ്യൂട്ടി എഡിറ്റര്‍ ദ വയര്‍