national news
ദൽഹി യൂണിവേഴ്സിറ്റിയുടെ ദൗലത്ത് റാം കോളജ് കാവിവത്ക്കരിക്കപ്പെടുന്നു; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 03:33 pm
Saturday, 25th January 2025, 9:03 pm

ന്യൂദൽഹി: രാം ലല്ല പ്രതിഷ്ഠ ദിനമാചരിച്ച് ദൽഹി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജായ ദൗലത് റാം കോളേജ്. പിന്നാലെ ദൗലത്ത് റാം കോളജ് കാവിവത്ക്കരിക്കപ്പെടുന്നുവെന്ന് വിമർശനവുമായി വിദ്യാർത്ഥികളെത്തി.

ഡി.ആർ.സി പ്രിൻസിപ്പൽ സവിത റോയ്, രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെയും ബി.ജെ.പിയുടെയും ദൽഹി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സ്ഥാപനത്തിൻ്റെ ബഹുസ്വര മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് ഡി.ആർ.സി വിദ്യാർത്ഥികൾ പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യം കാണിച്ച ദളിത് വിദ്യാർത്ഥികൾക്ക് ദൂരെ നിന്ന് കാണാൻ മാത്രമേ സാധിച്ചുവുള്ളുവെന്നും ഇത് പരിപാടിയുടെ ദളിത് വിരുദ്ധ സ്വഭാവം പ്രകടമാക്കുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, പരമ്പരാഗത മൂല്യങ്ങളും സംസ്കാരവും മനസിലാക്കാൻ ഈ പരിപാടി വിദ്യാർത്ഥികളെ സഹായിച്ചതായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ ഡി.ആർ.സി സെക്രട്ടറി മഹിമ സിങ് വാദിച്ചു.

ഡി.ആർ.സിയുടെ ലൈബ്രറിയിൽ ഹിന്ദു പുരാണ ഗ്രന്ഥങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം നിർമിക്കുകയും ജനുവരി 22 ന് ഉദ്ഘാടനം ചെയ്തുവെന്നും അതിന് ‘ രാമാലയ’ എന്ന് പേരിടുകയും ചെയ്‌തെന്ന് മഹിമ സിങ് പറഞ്ഞു.

കോളേജിന്റെ സഥാപകനായ ദൗലത് റാം ഗുപ്ത നിലകൊണ്ട മൂല്യങ്ങളെ കളങ്കപ്പെടുത്താൻ നിലവിലെ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ലാലാ ലജ്പത് റായിയുടെ പിൻഗാമിയായിരുന്ന ഗുപ്ത, മഹാത്മാഗാന്ധിയുടെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്.

Content Highlight: In DU’s Daulat Ram College, Students Witness Saffronisation of a ‘Safe Place’