World News
സര്‍ക്കാരിനെ താഴെയിറക്കാന്‍ വമ്പന്‍ തീരുമാനം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍; വെടിയേറ്റതിന് ശേഷമുള്ള ആദ്യ റാലിയിലെ ജനത്തിരക്കില്‍ അമ്പരന്ന് പാക് രാഷ്ട്രീയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 26, 06:04 pm
Saturday, 26th November 2022, 11:34 pm

ഇസ്‌ലാമാബാദ്: പൊതുചടങ്ങിനിടെ വെടിയേറ്റതിന് ശേഷം നാളുകളോളം വിശ്രമത്തില്‍ കഴിഞ്ഞ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. വെടിവെപ്പിന് ശേഷം പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയില്‍ വെച്ചാണ് പുതിയ പദ്ധതികളെ കുറിച്ചുള്ള സൂചനകള്‍ ഇമ്രാന്‍ ഖാന്‍ നല്‍കിയത്.

റാവല്‍പിണ്ടിയില്‍ വെച്ച് നടന്ന പരിപാടിയിലെ വമ്പന്‍ ജനപങ്കാളിത്തം ഇമ്രാന്‍ ഖാനും തഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്കും പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ പാകിസ്ഥാന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ പരിപാടി ചര്‍ച്ചയായി കഴിഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ പുറത്താവുന്നത്. ഇതിന് ശേഷം പാകിസ്ഥാനില്‍ അധികാരത്തിലെത്തിയ ഷഹ്ബാസ് ഷെരീഫിനെതിരെ രൂക്ഷമായ വിമര്‍ശനവും ആരോപണങ്ങളുമായിരുന്നു ഇമ്രാന്‍ ഖാന്‍ നിരന്തരം ഉന്നയിച്ചിരുന്നത്. സര്‍ക്കാര്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യവുമായി ലാഹോറില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിനിടെ നവംബര്‍ മൂന്നിനാണ് ഇമ്രാന്‍ ഖാന് നേരെ ആക്രമണമുണ്ടാകുന്നത്. ഷഹ്ബാസ് ഷരീഫും ആഭ്യന്തര മന്ത്രി റാണ സനാവുള്ളയും ഐ.എസ്.ഐ കൗണ്ടര്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ഫൈസല്‍ നസീറുമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.

ഇനി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇസ്‌ലാമാബാദിലേക്ക് റാലി നടത്താനില്ലെന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ ഖാന്‍ തന്റെ പുതിയ തീരുമാനവും റാവല്‍പിണ്ടിയിലെ സമ്മേളനത്തില്‍ വെച്ച് അറിയിച്ചിരിക്കുകയാണ്.

പാകിസ്ഥാനിലെ പ്രൊവിന്‍ഷ്യല്‍ അസംബ്ലികളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. അഴിമതി നിറഞ്ഞ ഒരു സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ പി.ടി.ഐ ആഗ്രഹിക്കുന്നില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. 80 മിനിട്ടോളം നീണ്ട പ്രസംഗമാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്.

പഞ്ചാബ്, ഖൈബര്‍ പക്തുംഗ്വ, പാക് അധിനിവേശ കശ്മീര്‍, ഗില്‍ചിത്-ബാല്‍ട്ടിസ്ഥാന്‍ എന്നീ പ്രവിശ്യകളിലെ അസംബ്ലികളിലാണ് പി.ടി.ഐക്ക് അംഗങ്ങളുള്ളത്. നേരത്തെ ദേശീയ അസംബ്ലിയില്‍ നിന്നും അംഗങ്ങള്‍ രാജി വെച്ചിരുന്നെങ്കിലും ഇവരില്‍ പലരുടെയും രാജി സ്വീകരിച്ചിരുന്നില്ല. പ്രവിശ്യ അസംബ്ലികളില്‍ നിന്നും പാര്‍ട്ടി അംഗങ്ങള്‍ എന്നാണ് രാജി വെക്കേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടില്ല.

‘ഞങ്ങള്‍ ഈ സര്‍ക്കാരിന്റെ ഭാഗമായിരിക്കില്ല. എല്ലാ അസംബ്ലികളില്‍ നിന്നും രാജിവെച്ച് ഈ അഴിമതി നിറഞ്ഞ സംവിധാനത്തില്‍ നിന്നും പുറത്തു കടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങള്‍. എല്ലാ മുഖ്യമന്ത്രിമാരോടും പാര്‍ട്ടി നേതാക്കളോടും അസംബ്ലികളില്‍ നിന്നും രാജി വെക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2023 ഓഗസ്റ്റ് വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കി അധികാരത്തിലേക്ക് തിരിച്ചുവരാനാണ് ഇമ്രാന്‍ ഖാന്റെ പദ്ധതി.

Content Highlight: Imran Khan’s first program after the firing incident and he talks about new plans against present govt