ന്യൂദല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. കഴിഞ്ഞ ദിവസം കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്ല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ഞങ്ങളുടെ പിതാവിന്റെ ചരമവാര്‍ഷികത്തില്‍ എന്റെ ക്ഷണപ്രകാരം ഭാഗവത് ജി വന്നത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം രാജ്യത്തിന് നല്ല സന്ദേശമാണ് നല്‍കുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എന്നാല്‍ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു.’ ഇല്ല്യാസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
മസ്ജിദിലെത്തിയ മോഹന്‍ ഭാഗവതുമായി ഉമര്‍ അഹമ്മദ് ഇല്ല്യാസി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. മുതിര്‍ന്ന ഭാരവാഹികളായ ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ബി.ജെ.പി മുന്‍ സംഘടനാ സെക്രട്ടറി രാം ലാല്‍, മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ എന്നിവരും മോഹന്‍ ഭാഗവതിനൊപ്പം ഉണ്ടായിരുന്നു.
ഒരുമാസത്തിനിടെ രണ്ടാം തവണയാണ് മോഹന്‍ ഭാഗവത് മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. ദല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി, അലിഗഢ് മുസ്‌ലിം സര്‍വകലാശാല മുന്‍ ചാന്‍സിലര്‍ സമീര്‍ ഉദ്ദിന്‍ ഷാ, മുന്‍ എം.പി ഷാഹിദ് സിദിഖി, ബിസിനസുകാരന്‍ സയീദ് ഷെര്‍വാണി എന്നിവരുള്‍പ്പെടെ അഞ്ച് പ്രമുഖ മുസ്‌ലിം നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനായി എന്നാണ് അന്നത്തെ കൂടിക്കാഴ്ചയെ മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചത്. പ്രവാചകനിന്ദ, വിദ്വേഷ പ്രസംഗം, ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം, വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം എന്നിവ ചര്‍ച്ച ചെയ്തതായി യോഗത്തില്‍ പങ്കെടുത്ത ഒരു അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗഹാര്‍ദ്ദപരമെന്നാണ് ആര്‍.എസ്.എസ് മേധാവി വിളിച്ച യോഗത്തെ എസ്.വൈ ഖുറൈഷി വിശേഷിപ്പിച്ചത്. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാന്‍ ഇരു സമുദായങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി പറഞ്ഞതായും യോഗത്തിന് ശേഷം എസ്.വൈ. ഖുറൈഷി പറഞ്ഞിരുന്നു.