വീഡിയോയില്‍ ഗുരുതരമായ പരിക്കേറ്റ സാഗര്‍ നിലത്തുകിടക്കുന്നതും സുശീല്‍ കുമാറും മറ്റ് മൂന്ന് പേരും ഇയാള്‍ക്കും ചുറ്റും കൂടിനില്‍ക്കുന്നതും കാണാം. വടികളും മറ്റും ഉപയോഗിച്ചാണ് സാഗറിനെ മര്‍ദ്ദിക്കുന്നത്.
സുശീല്‍ കുമാര്‍ തന്നെയാണ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ എടുക്കാന്‍ സുഹൃത്തിന് നിര്‍ദേശം നല്‍കിയത്. വീഡിയോ വഴി മറ്റു ഗുസ്തി താരങ്ങളെ ഭയപ്പെടുത്തി തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനായിരുന്നു സുശീല്‍ കുമാറിന്റെ ഉദ്ദേശമെന്നും പൊലീസ് പറഞ്ഞു.
23കാരനായ സാഗര്‍ ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായിരുന്നു. മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു.
സംഭവം നടന്നതിന് പിന്നാലെ സുശീല്‍ കുമാര്‍ ദിവസങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു. ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ സുശീല്‍ കുമാര്‍ ഒളിച്ചു കഴിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ സുശീല്‍ കുമാറിനെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
സുശീലിനെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്ന് ദല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യം പരിഗണിക്കവെയാണ് ആറു ദിവസത്തേക്ക് പൊലീസ് റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
സുശീല്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാത്ത വാറന്റായിരുന്നു പുറപ്പെടുവിച്ചിരുന്നത്.