ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചും ഐ.എം.എ. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ജയലാല്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാള്‍ കുറവാണ്. അതൊരു വലിയ നേട്ടമാണ്. മെഡിക്കലി കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ ഒരു കുറവും വരുത്തിയതായി ഐ.എം.എ കരുതുന്നില്ല. ജനങ്ങളും നല്ല രീതിയില്‍ സഹകരിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും മരണനിരക്ക് ഇത്രയും കുറയ്ക്കാനായിട്ടില്ല. കേരളത്തിന്റെ മുഴുവന്‍ ആരോഗ്യസംവിധാനത്തെയുമാണ് ഇതില്‍ അഭിനന്ദിക്കേണ്ടത്,’ ഡോ.ജയലാല്‍ പറഞ്ഞു.
എല്ലാ മഹാമാരിയിലും രണ്ടാം തരംഗവും മൂന്നാം തരംഗവും ഉണ്ടാകാറുണ്ട്. ചരിത്രം പരിശോധിച്ചാല്‍ എപ്പോഴും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാകും. ഈ രോഗം വരുത്തുന്ന വൈറസില്‍ ജനിതകമാറ്റം സംഭവിക്കുമ്പോള്‍ ഒറിജിനല്‍ വൈറസ് മരിച്ച് പുതിയവ നിലനില്‍ക്കും. അതാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആദ്യ വൈറസ് വയസ്സായവരെയാണ് കൂടുതലായി ബാധിച്ചിരുന്നതെങ്കില്‍ പുതിയ വൈറസ് ചെറുപ്പക്കാരിലാണ് കൂടുതല്‍ പടരുന്നതെന്നും ഡോ.ജയലാല്‍ പറഞ്ഞു.
‘വിവിധ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. കുറഞ്ഞത് 40 കോടി പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിച്ചിരിക്കണം. 9 കോടിയില്‍ താഴെ പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാമെന്നാണ്. അതില്‍ പ്രയോജനമില്ല,’ ഡോ.ജയലാല്‍ പറഞ്ഞു.
വാക്‌സിന്റെ കുറവുണ്ടാകുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കണമായിരുന്നു. പുറം രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയച്ചത് തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ ഇത്രയും കയറ്റിയക്കണമായിരുന്നോ എന്നതാണ് ചോദ്യം. നിലവില്‍ വാക്‌സിന്റെ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും കയറ്റുമതി കുറയ്ക്കണം. കൊവിഷീല്‍ഡിനൊപ്പം മറ്റു വാക്‌സിനുകളും ഉപയോഗിക്കാനും തയ്യാറകണമെന്നും ഡോ. ജയലാല്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയെന്നും മോദി പറഞ്ഞു. രാജ്യം നേരിട്ടതില്‍വെച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഒരിക്കല്‍ കൂടി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമാകില്ലെന്നും ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക