Advertisement
Football
ബാഴ്‌സലോണയിലെ നാല് ഇതിഹാസങ്ങളുടെ പേര് പറഞ്ഞ് ഗുണ്ടോഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 17, 02:56 pm
Monday, 17th July 2023, 8:26 pm

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഫ്രീ ഏജന്റായാണ് ഇല്‍ക്കെ ഗുണ്ടോഗന്‍ ബാഴ്‌സലോണയിലെത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ബാഴ്സലോണ താരത്തെ സൈന്‍ ചെയ്യിച്ചത്. ഇരുകൂട്ടരുടെയും താത്പര്യത്തിനനുസരിച്ച് വേണമെങ്കില്‍ 2026 വരെ കരാര്‍ നീട്ടാനും അവസരമുണ്ട്.

ബ്ലൂഗ്രാനയില്‍ ജോയിന്‍ ചെയ്ത താരം ബാഴ്‌സലോണയിലെ താന്‍ ആരാധിക്കുന്ന നാല് താരങ്ങളുടെ പേര് പറഞ്ഞിരിക്കുകയാണ്. ബാഴ്‌സലോണയിലെ എക്കാലത്തെയും മികച്ച താരങ്ങളായ റൊണാള്‍ഡീഞ്ഞോ, സാവി, ഇനിയേസ്റ്റ, ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ പേരാണ് ഗുണ്ടോഗന്‍ പറഞ്ഞത്. ബാഴ്‌സ ടൈംസിനോട് സംസാരിക്കുമ്പോഴാണ് ജെര്‍മന്‍ മിഡ് ഫീല്‍ഡര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എന്റെ ആരാധനാപാത്രങ്ങള്‍? റൊണാള്‍ഡീഞ്ഞോ, അദ്ദേഹം എന്നില്‍ നിന്നും എത്രയോ വ്യത്യസ്തനാണ്. പിന്നെ സാവി, ഇനിയേസ്റ്റ, ബുസ്‌ക്വെറ്റ്‌സ്. ഇവര്‍ നാലുപേരാണ്,’ ഗുണ്ടോഗന്‍ പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഗുണ്ടോഗന്‍ ബാഴ്സയിലെത്തുന്നത്. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ ട്രെബിള്‍ എന്ന അപൂര്‍വം നേട്ടം കൊയ്യാന്‍ ഇത്തവണ മാന്‍ സിറ്റി സാധിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങളിലും മുത്തമിടാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. നിര്‍ണായക സമയത്ത് ഗോളടിച്ചും കളി നിയന്ത്രിച്ചും ടീമിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

2016ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 14 കിരീട നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ താരത്തിന് സാധിച്ചു. അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള ഗുണ്ടോഗന്റെ നേട്ടം.

Content Highlights: Ilkay Gundogan names four idols in Barcelona