ന്യൂദല്‍ഹി: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ തിരത് സിങ് റാവത്തിന്റെ പ്രസ്താവന തള്ളി കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി.
ആളുകള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിനെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകള്‍. ആദ്യമായാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിയിലുള്ള ഒരാള്‍ തന്നെ രംഗത്തെത്തിയത്.
പവിത്രമായ ചില കാര്യങ്ങളുണ്ട്, അതിലൊന്ന് സ്ത്രീക്ക് അവളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും, ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കുന്നതിനുമുള്ള അവകാശവുമാണ്. അവര്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ തെരഞ്ഞെടുക്കാം. അതില്‍ മറ്റൊരാള്‍ അഭിപ്രായം പറയേണ്ടതില്ല എന്നായിരുന്നു ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞത്.
‘പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ എന്ത് വസ്ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്ത് ചെയ്യുന്നു ഇതൊന്നും രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല. കാരണം ആത്യന്തികമായി നമ്മള്‍ ചെയ്യേണ്ടത് നയരൂപീകരണവും നിയമവാഴ്ച ഉറപ്പാക്കലുമാണ്. നിരവധി രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ അപക്വമായ, മണ്ടത്തരം നിറഞ്ഞ ചില പ്രസ്താവനകള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
കീറിപ്പറിഞ്ഞ ജീന്‍സ് ധരിച്ച സ്ത്രീകള്‍ സമൂഹത്തെ അപമാനിക്കുന്നു എന്ന് റാവത്തിന്റെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.
ഒരു ചടങ്ങില്‍ സംബന്ധിക്കവെയായിരുന്നു റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
‘ഇത്തരം ജീന്‍സുകള്‍ വാങ്ങാനാണ് അവര്‍ കടയില്‍പ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീന്‍സ് മുറിച്ച് ആ തരത്തിലാക്കും’
വിമാനത്തില്‍ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് പറഞ്ഞിരുന്നു. ‘ബൂട്ട്‌സും മുട്ടുവരെ കീറിയ ജീന്‍സും കൈയില്‍ നിരവധി വളകളുമായിരുന്നു അവരുടെ വേഷം. രണ്ടു കുട്ടികളും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നയാളാണ്. രണ്ടു കുട്ടികളും ഉണ്ട്. പക്ഷേ, മുട്ടുവരെ കീറിയ ജീന്‍സാണ് ധരിക്കുന്നത്. എന്ത് മൂല്യങ്ങളാണ് ഇവര്‍ പകര്‍ന്നുനല്‍കുന്നത്?’ എന്നായിരുന്നു റാവത്തിന്റെ ചോദ്യം.
ചില കാര്യങ്ങള്‍ പവിത്രമാണ്, സ്ത്രീകള്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നിങ്ങള്‍ നിയമം ലംഘിക്കാത്ത കാലത്തോളം അവള്‍ക്ക് അനുയോജ്യമാണെന്ന് തോന്നുന്നിടത്തോളം നിങ്ങളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും സാധിക്കണം. നിങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങളോട് പറയാനുള്ള ഒരു അവകാശവും എനിക്കുണ്ടാവില്ല, അല്ലെങ്കില്‍ മറ്റൊരാള്‍ക്കുണ്ടാവില്ല, സ്മൃതി ഇറാനി പറഞ്ഞു.
എന്തുകൊണ്ടാണ് പാര്‍ട്ടി സഹപ്രവര്‍ത്തകനായ റാവത്തിന്റെ പരാമര്‍ശത്തെ സാമൂഹ്യ മണ്ടത്തരം എന്ന് നിങ്ങള്‍ പറഞ്ഞത് എന്ന ചോദ്യത്തിന് പ്രബുദ്ധമായ മനസുള്ള ആരും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.
വനിതാ സംവരണത്തെക്കുറിച്ച് സംസാരിച്ച സ്മൃതി ഇറാനി 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആദ്യത്തെ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അവകാശപ്പെട്ടു.
‘നിര്‍മ്മല സീതാരാമനേയും തന്നേയും പോലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു. ഉയര്‍ന്ന ഓഫീസുകളില്‍ സേവനമനുഷ്ഠിക്കാന്‍ ഒരിക്കലും അവസരം ലഭിക്കാത്ത നിരവധി സ്ത്രീകള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ആഗോള സൂചികകള്‍ പരിശോധിച്ചാല്‍ ഇപ്പോഴും പഞ്ചായത്ത് തലത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളൊന്നും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടാറില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക