അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ നിയമഭേദഗതി നടപ്പാക്കുമായിരുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ നിയമഭേദഗതി നടപ്പാക്കുമായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.
പൗരത്വ നിയമഭേദഗതി നടപ്പാക്കണമെന്നും, അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്നും, അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയുടെ പ്രത്യേകമ്മേളനം ചേരും. ഡിസംബര്‍ 31 ചൊവ്വാഴ്ചയാണ് സഭ സമ്മേളിക്കുക.
നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തിയിരുന്നു. പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ബി.ജെ.പി നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. മുമ്പ് എം.പിയായിരുന്നതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ലെന്നത് അപക്വ സമീപനമാണ്. പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം’എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചരിത്ര കോണ്‍ഗ്രസ് പരിപാടിയ്ക്കിടെയാണ് ഗവര്‍ണര്‍ പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതിഷേധക്കാരെ എതിര്‍ത്തും സംസാരിച്ചത്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഇത് രാഷ്ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു തുടര്‍ന്ന് സംസാരിച്ചത്.
ഇതോടെ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന ജാമിഅ മില്ലിയ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ‘ റിജക്ട് സി.എ.എ” എന്നെഴുതിയ പ്ലക്കാര്‍ഡുമായി എഴുന്നേറ്റു നിന്നു. ഇത് പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുക്കുകയും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.