ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ശേഷം ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു എംബാപ്പെയെ കളിയാക്കികൊണ്ടുള്ള അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനെസിന്റെ പ്രകടനങ്ങൾ.
ലോകകപ്പ് വേദിയിൽ വെച്ച് എംബാപ്പെയെ പരിഹസിച്ച് മാർട്ടീനെസ് അശ്ലീല ആംഗ്യം കാണിച്ചെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. കൂടാതെ ലോകകപ്പിന് ശേഷം ഡ്രെസിങ് റൂമിൽ എംബാപ്പെക്ക് വേണ്ടി മൗനാചരണം നടത്താൻ മാർട്ടീനെസ് ആവശ്യപ്പെട്ടതും, ബ്യൂനസ് ഐറിസിൽ വെച്ച് നടന്ന വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖത്തിന്റെ സ്റ്റിക്കർ പതിച്ച പാവയെ എമിലിയാനോ മാർട്ടീനെസ് പ്രദർശിപ്പിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
എന്നാലിപ്പോൾ എംബാപ്പെയെക്കുറിച്ചും എംബാപ്പെയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും കൂടുതൽ പ്രസ്താവനകളുമായി രംഗത്ത് വന്നിരിക്കുകയാണ് എമിലിയാനോ മാർട്ടീനെസ്.
ഗോൾ വെബ്സൈറ്റാണ് എമിലിയാനോ മാർട്ടീനെസിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“എതിരാളികളെ കളിയാക്കുന്നതൊക്കെ ലോക്കർ റൂമിലെ തികച്ചും സ്വാഭാവികമായ കാര്യമാണ്. എനിക്ക് ഉറപ്പാണ് 2018ൽ ഫ്രാൻസ് ഞങ്ങളെ തോൽപ്പിച്ചതിന് ശേഷം തീർച്ചയായും അവർ ഡ്രെസിങ് റൂമിൽ മെസിക്കെതിരെ ചാന്റ് ചെയ്തിട്ടുണ്ടാവും. അത് പോലെ ഏതെങ്കിലുമൊരു ടീം ബ്രസീലിനെ തോൽപ്പിച്ചാൽ അവർ നെയ്മർക്കെതിരെ ചാന്റ് ചെയ്യും,’ മാർട്ടീനെസ് പറഞ്ഞു.
“എനിക്ക് എംബാപ്പെയോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. മാത്രവുമല്ല ഞാൻ ബഹുമാനിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ആളുകൾ എംബാപ്പെക്കോ നെയ്മർക്കോ എതിരെ ചാന്റ് ചെയ്‌താൽ അവർ അത്രയ്ക്കും ടോപ്പ് പ്ലയേഴ്‌സ് ആണെന്നാണ് അതിനർത്ഥം.
ലോകകപ്പ് ഫൈനലിന് ശേഷം ഞാൻ എംബാപ്പെയോട് സംസാരിച്ചിരുന്നു. നിങ്ങളെപ്പോലെ മത്സരം ഒറ്റക്ക് ജയിപ്പിക്കാൻതക്ക ശേഷിയുള്ള ഒരു കളിക്കാരനൊപ്പം മൈതാനം പങ്കിടുന്നത് വലിയ അഭിമാനമുളവാക്കുന്ന കാര്യമാണെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. വലിയ പ്രതിഭയുള്ള താരമാണ് എംബാപ്പെ. മെസി വിരമിച്ചു കഴിഞ്ഞാൽ നിരവധി ബാലൻ ഡി ഓറുകൾ അദ്ദേഹം തൂത്തുവാരുമെന്നത് തീർച്ചയാണ്,’ മാർട്ടീനെസ് കൂട്ടിച്ചേർത്തു.
ലോകകപ്പ് ട്രോഫി നഷ്ടപ്പെട്ടെങ്കിലും ടൂർണമെന്റിൽ എട്ട് ഗോൾ സ്കോർ ചെയ്ത് ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ എംബാപ്പെക്ക് സാധിച്ചിരുന്നു. മാർട്ടീനെസായിരുന്നു ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ.
അതേസമയം പരിക്ക് പറ്റിയ വിശ്രമത്തിലായിരിക്കുന്ന എംബാപ്പെക്ക് ചാമ്പ്യൻസ് ലീഗിലെ ചില മത്സരങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എംബാപ്പെയില്ലെങ്കിൽ ശക്തരായ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരത്തിൽ പി.എസ്.ജിക്ക് വിയർക്കേണ്ടി വരുമെന്ന് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.