മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് 2024 ഐ.പി.എല്ലിന്റെ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ ഒരു മത്സരം കൂടി സഞ്ജുവിനും സംഘത്തിനും വിജയിക്കണം.
മെയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും മെയ് 15ന് പഞ്ചാബ് കിങ്‌സിനെതിരെയും മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങള്‍. എന്നാല്‍ പ്ലേ ഓഫിലുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐ.പി.എല്ലിന്റെ ഭാഗമാകില്ല എന്ന വാര്‍ത്തകള്‍ രാജസ്ഥാന് തിരിച്ചടി നല്‍കുന്നതാണ്.
വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ പ്ലേ ഓഫ് കളിക്കാതെ നാട്ടിലേക്ക് തിരികെയെത്തും എന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെടുകയും ഇംഗ്ലണ്ട് താരങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിന്റെ സാഹചര്യത്തില്‍ രാജസ്ഥാന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍ പ്ലേ ഓഫില്‍ കളിക്കുമോ എന്നതും സംശയത്തിന്റെ നിഴലിലാണ്.
ബട്‌ലര്‍ പ്ലേ ഓഫിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയാല്‍ യശ്വസി ജെയ്‌സ്വാളിനൊപ്പം ഏതു താരം ഓപ്പണിങ്ങില്‍ ഇറങ്ങും എന്ന ആശയ കുഴപ്പത്തിലായിരിക്കും രാജസ്ഥാന്‍. എന്നാല്‍ ബട്ട്ലറിനു പകരം മറ്റൊരു ഇംഗ്ലണ്ട് താരമായ ടോം കോഹ്ലര്‍ കാട്‌മോറിനെ രാജസ്ഥാന് ഓപ്പണിങ്ങില്‍ പരീക്ഷിക്കാം. ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയത്.