ന്യൂദല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. 18ാം വയസില്‍ ഒരു പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ട് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പാടില്ല എന്നാണ് അദ്ദേഹം ചോദിച്ചത്.
” 18ാം വയസില്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രിയേയും എം.പിമാരെയും എം.എല്‍.എമാരെയും തെരഞ്ഞെടുക്കാനും കഴിയും. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് എന്റെ അഭിപ്രായം,” ഉവൈസി പറഞ്ഞു.
ഇന്ത്യയില്‍ ശൈശവവിവാഹം കുറയുന്നത് ക്രിമിനല്‍ നിയമം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും മൂലമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും 2005ല്‍ 26 ശതമാനമായിരുന്ന തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 2020ല്‍ 16 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.