ജനിച്ച സ്ഥലം കറക്ടായത് കൊണ്ട് മാത്രമാണ് ബ്രാഡ്മാന്‍ ഇതിഹാസമായത്, ഇല്ലെങ്കില്‍ ഒറ്റ റണ്‍സ് പോലും എടുക്കാനാവാതെ മീനും പിടിച്ച് നടന്നേനെ; വൈറലായി ഐസ്‌ലാന്റ് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ്
Sports News
ജനിച്ച സ്ഥലം കറക്ടായത് കൊണ്ട് മാത്രമാണ് ബ്രാഡ്മാന്‍ ഇതിഹാസമായത്, ഇല്ലെങ്കില്‍ ഒറ്റ റണ്‍സ് പോലും എടുക്കാനാവാതെ മീനും പിടിച്ച് നടന്നേനെ; വൈറലായി ഐസ്‌ലാന്റ് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th December 2021, 10:02 am

ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ഐസ്‌ലാന്റ് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ച ഒരു ട്വീറ്റാണ്. കഴിവ് മാത്രമല്ല ഭാഗ്യനിര്‍ഭാഗ്യങ്ങളാണ് ക്രിക്കറ്റില്‍ ഒരു കളിക്കാരനെ സ്വാധീനിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.

ഭാഗ്യവും സാഹചര്യവുമാണ് ഓരോ ക്രിക്കറ്ററുടെ ജീവിതത്തില്‍ നിര്‍ണായകമാവുന്നതെന്നും, അവര്‍ ജനിച്ചത് ശരിയായ സ്ഥലത്തായതുകൊണ്ടാണ് അവര്‍ ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നതെന്നുമാണ് ഐസ്‌ലാന്റ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

രവിചന്ദ്ര അശ്വിന്‍ ജനിച്ചത് ശ്രീലങ്കയിലായിരുന്നെങ്കില്‍ മുത്തയ്യ മുരളീധരനെ പോലെ 800 വിക്കറ്റുകളെങ്കിലും നേടിയാവും കരിയര്‍ അവസാനിക്കുക എന്നാണ് ഐസ്‌ലാന്റ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണം.

ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ജനിച്ചത് ഐസ്‌ലാന്റിലായിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു റണ്‍സ് പോലും എടുക്കാന്‍ സാധിക്കാതെ ഇവിടങ്ങളില്‍ മീന്‍ പിടുത്തക്കാരനായി ജീവിച്ച് മരിക്കേണ്ടി വന്നേനെ എന്നും അവര്‍ പറയുന്നു.

ഇതിന് പിന്നാലെ നിരവധി രസകരമായി മറുപടിയും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.

‘ഒരുപക്ഷേ വിരാട് കോഹ്‌ലി ജനിച്ചത് സൗത്ത് ആഫ്രിക്കയിലായിരുന്നെങ്കില്‍ മിക്കവാറും ഒരു ക്ലബ് ക്രിക്കറ്റര്‍ മാത്രം ആവേണ്ടി വന്നേനെ,’ ‘ഡി വില്ലിയേഴ്‌സ് ഇന്ത്യയിലായിരുന്നു ജനിച്ചതെങ്കില്‍ മറ്റേത് താരത്തേക്കാളും പ്രശസ്തനായേനേ,’ തുടങ്ങി നീണ്ടുപോവുന്നു ആരാധകരുടെ കമന്റുകള്‍.

ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഐസ്‌ലാന്റ് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ്. ഐ.സി.സിയുടെ കീഴിലുള്ള ഒരു ക്രിക്കറ്റ് ബോര്‍ഡിന്റെ ദുരവസ്ഥ കൂടിയാണ് ഐസ്‌ലാന്റ് പറയാതെ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Iceland Cricket’s tweet goes viral