ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഒടുവില്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഒടുവില്‍ 114 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സിന് പുറത്താവുകയായിരുന്നു.
നാളെ നടക്കുന്ന ആദ്യ സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് അഫ്ഗാന്‍ കളത്തിലിറങ്ങുക. ബ്രെയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ ടീമിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം ഗുല്‍ബാദിന്‍ നായിബിനെ ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഗുല്‍ബാദ് സ്വയം പരിക്ക് അഭിനയിക്കുകയും സമയം മനപ്പൂര്‍വ്വം പാഴാക്കാന്‍ ശ്രമിച്ചതിനുമാണ് താരത്തെ അടുത്ത മത്സരത്തില്‍ നിന്നും വിലക്കിയത്.
മത്സരത്തിലെ നൂര്‍ അഹമ്മദ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ ആയിരുന്നു ഗുല്‍ബാദിന്‍ പരിക്ക് പറ്റിയതായി ഗ്രൗണ്ടില്‍ കിടന്നത്. ഇതിനു പിന്നാലെയാണ് ഐ.സി.സി നിയമങ്ങള്‍ അനുസരിച്ചു സമയം പാഴാക്കുന്നതിന് ലെവല്‍ വണ്‍ കുറ്റം താരം ചെയ്തുവെന്ന് കണ്ടെത്തുകയായിരുന്നു.
100% മാച്ച് ഫീ പിഴയായും രണ്ടു മത്സരങ്ങള്‍ സസ്‌പെന്‍ഷനുമാണ് ഗുല്‍ബാദിനെ ലഭിച്ചത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമപ്രകാരം ഒരു വര്‍ഷത്തില്‍ ഒരു താരത്തിന് നാല് സസ്‌പെന്‍ഷനുകള്‍ ലഭിച്ചാല്‍ ഒരു ടെസ്റ്റ് മത്സരം രണ്ട് ഏകദിനം, ടി-20 മത്സരം എന്നിവയില്‍ വിലക്ക് നേരിടേണ്ടി വരും.
അതുകൊണ്ടുതന്നെ ഗുല്‍ബാദിന്‍ വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കെതിരെയുള്ള സെമിഫൈനലില്‍ കളിക്കില്ല. സൂപ്പര്‍താരത്തിന്റെ അഭാവം അഫ്ഗാന് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ രണ്ട് ഓവറില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രം വിട്ടു നല്‍കി താരം ഒരു വിക്കറ്റ് നേടിയിരുന്നു.