ന്യൂദല്‍ഹി: ചെങ്കോല്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ എ.ഐ.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. തരൂരിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടെന്നും സംഭവത്തില്‍ വിശദീകരണം തേടണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതായും ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെങ്കോലിനേയോ അതിന്റെ ചരിത്രത്തോയോ അംഗീകരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ പൊരുത്തെക്കേടുണ്ടെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ തരൂര്‍ വ്യക്തിപരമായി നടത്തിയ അഭിപ്രായം പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും ഇത് അച്ചടക്ക ലംഘനമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വിമത നീക്കത്തിന്റെ തുടര്‍ച്ചയാണ് തരൂര്‍ നടത്തുന്നതെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്.