Advertisement
Champions Trophy
ബിഗ് സെഞ്ചൂറിയന്‍മാരില്‍ ഇനി ഇവനും; സച്ചിന് ഇടമില്ലാത്ത ഗാംഗുലിയുടെ ലിസ്റ്റിലേക്ക് കിവി പക്ഷി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 02:12 pm
Wednesday, 5th March 2025, 7:42 pm

 

 

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 362 റണ്‍സിന്റെ മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 102 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രചിന്‍ രവീന്ദ്രയെ തേടിയെത്തി. ഐ.സി.സി ഏകദിന ലോകകപ്പിന്റെയും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെയും ഒരു എഡിഷനില്‍ ഒന്നിലധികം സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ നാലാമത് താരമെന്ന നേട്ടമാണ് രചിന്‍ സ്വന്തമാക്കിയത്.

ഏകദിനത്തില്‍ താരത്തിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. ഈ അഞ്ച് സെഞ്ച്വറികളും ഐ.സി.സി ടൂര്‍ണമെന്റുകളിലാണ് പിറവിയെടുത്തത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

2023 ലോകകപ്പില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടിയ താരം ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും നൂറടിച്ചിരിക്കുകയാണ്.

ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങളെ പരിശോധിക്കാം.

സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയ താരം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ആദ്യമായി ഫൈനലില്‍ പ്രവേശിച്ച 2000-ല്‍ രണ്ട് സെഞ്ച്വറിയാണ് ഗാംഗുലി സ്വന്തമാക്കിയത്.

2003 ഏകദിന ലോകകപ്പില്‍ ദാദയുടെ ബാറ്റ് ഒരിക്കല്‍ക്കൂടി കൊടുങ്കാറ്റഴിച്ചുവിട്ടു. മൂന്ന് സെഞ്ച്വറിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ച ലോകകപ്പില്‍ ഗാംഗുലി സ്വന്തമാക്കിയത്. എന്നാല്‍ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഉപുല്‍ തരംഗ

ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ ഉപുല്‍ തരംഗയാണ് ഈ നേട്ടത്തില്‍ രണ്ടാമന്‍. ഇന്ത്യ ആതിഥേയത്വം വഹിച്ച 2006 ചാമ്പ്യന്‍സ് ട്രോഫിയിലും 2011 ഏകദിന ലോകകപ്പിലും രണ്ട് വീതം സെഞ്ച്വറി നേടിയാണ് തരംഗ ഈ റെക്കോഡിന്റെ ഭാഗമായത്.

ശിഖര്‍ ധവാന്‍

ഇന്ത്യ കപ്പുയര്‍ത്തിയ 2013 ചാമ്പ്യന്‍സ് ട്രോഫിയിലും 2015 ഏകദിന ലോകകപ്പിലുമാണ് ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ചത്. ഈ രണ്ട് ഐ.സി.സി ഇവന്റിലും ഗബ്ബര്‍ രണ്ട് വീതം സെഞ്ച്വറി നേടിയിരുന്നു.

 

Content highlight: ICC Champions trophy 2025: Semi Final: NZ vs SA: Rachin Ravindra scripted yet another record