Champions Trophy
അട്ടിമറിയെന്ന് വിളിക്കല്ലേ, ഇത് അഫ്ഗാന്റെ ചരിത്ര വിജയമാണ്; റൂട്ടിന്റെ സെഞ്ച്വറി പാഴായി, ഇംഗ്ലണ്ട് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 26, 05:24 pm
Wednesday, 26th February 2025, 10:54 pm

 

 

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317ന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ സൂപ്പര്‍ താരമായ റഹ്‌മാനുള്ള ഗുര്‍ബാസിനെയും 15ല്‍ നില്‍ക്കവെ സെദ്ദിഖുള്ള അടലിനെയും അഫ്ഗാനിസ്ഥാന് നഷ്ടമായിരുന്നു. 40 കടക്കും മുമ്പേ മൂന്നാം വിക്കറ്റായി റഹ്‌മത് ഷായും കൂടാരം കയറി.

15 പന്തില്‍ ആറ് റണ്‍സ് നേടിയാണ് ഗുര്‍ബാസ് പുറത്തായത്. സെദ്ദിഖുള്ള അടലും റഹ്‌മത് ഷായും നാല് റണ്‍സ് വീതം നേടിയും മടങ്ങി. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് മൂന്ന് പേരെയും മടക്കിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയെ ഒപ്പം കൂട്ടി ഓപ്പണര്‍ സദ്രാന്‍ ചെറുത്തുനിന്നു. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സദ്രാന്‍ – ഷാഹിദി ദ്വയം ഇംഗ്ലണ്ടിന് മേല്‍ പടര്‍ന്നുകയറിയത്.

ടീം സ്‌കോര്‍ 37ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 140ല്‍ നില്‍ക്കവെയാണ്. ഷാഹിദിയെ പുറത്താക്കി ആദില്‍ റഷീദാണ് കൂട്ടുകെട്ട് പൊളിച്ചത്.

ക്യാപ്റ്റന് പിന്നാലെ ക്രീസിലെത്തിയ അസ്മത്തുള്ള ഒമര്‍സായിയും മോശമാക്കിയില്ല. 31 പന്ത് നേരിട്ട താരം മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 41 റസാണ് ഒമര്‍സായ് നേടിയത്.

ഏഴാം നമ്പറിലെത്തിയ മുഹമ്മദ് നബി തന്റെ അനുഭവസമ്പത്ത് വെളിവാക്കി ബാറ്റ് വീശി. സദ്രാനൊപ്പം അഫ്ഗാനിസ്ഥാന് താങ്ങായ മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുര്‍ത്തി നബി സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കുറയാതെ കാത്തു.

അവസാന ഓവറിലെ ആദ്യ പന്തില്‍ സദ്രാന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. 146 പന്തില്‍ 177 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആറ് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടോട്ടലിന്റെ റെക്കോഡുമായാണ് സദ്രാന്‍ മടങ്ങിയത്.

സദ്രാന്‍ മടങ്ങി മൂന്നാം പന്തില്‍ നബിയുടെ വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി. 24 പന്തില്‍ 40 റണ്‍സ് നേടി നില്‍ക്കവെ ലിയാം ലിവിങ്സ്റ്റണിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി അഫ്ഗാന്‍ ലെജന്‍ഡ് മടങ്ങി. മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കം 166.67 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 325 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിങ്സ്റ്റണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ആദില്‍ റഷീദും ജെയ്മി ഓവര്‍ട്ടണുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും തുടക്കം പാളി. 30 റണ്‍സിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. ഫില്‍ സാള്‍ട്ട് 13 പന്തില്‍ 12 റണ്‍സിനും വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 13 പന്തില്‍ ഒമ്പത് റണ്ണിനും മടങ്ങി.

മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ബെന്‍ ഡക്കറ്റും ജോ റൂട്ടും ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയൊരുക്കി. മികച്ച രീതിയില്‍ മുമ്പോട്ട് പോകവെ ഡക്കറ്റിനെ മടക്കി റാഷിദ് ഖാന്‍ അഫ്ഗാനിസ്ഥാനാവശ്യമായ ബ്രേക് ത്രൂ നല്‍കി.

ഹാരി ബ്രൂക്കിനും (21 പന്തില്‍ 25) ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനും (24 പന്തില്‍ 38) ഒപ്പം ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ജോ റൂട്ട് ഇംഗ്ലണ്ടിനെ മത്സരത്തില്‍ നിലനിര്‍ത്തി. ഒരു വശത്ത് ഉറച്ചുനിന്ന റൂട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി.

ഇതിനിടെ റൂട്ട് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. നേരിട്ട 98ാം പന്തിലാണ് റൂട്ട് നൂറടിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ താരത്തിന്റെ 17ാം സെഞ്ച്വറിയാണിത്.

സെഞ്ച്വറി പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ മുമ്പോട്ട് കുതിക്കവെ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. വിജയത്തിന് 39 റണ്‍സ് അകലെ നില്‍ക്കവെയാണ് റൂട്ട് പുറത്താകുന്നത്.

111 പന്തില്‍ 11 ഫോറും ഒരു സിക്‌സറും അടക്കം 120 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. അസ്മത്തുള്ള ഒമര്‍യായ് യുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്താകുന്നത്.

പിന്നാലെയെത്തിയ ജോഫ്രാ ആര്‍ച്ചര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് അഫ്ഗാനിസ്ഥാന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി. ജെയ്മി ഓവര്‍ട്ടണൊപ്പം ചേര്‍ന്ന് ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.

48ാം ഓവറിലെ അഞ്ചാം പന്തില്‍ ഓവര്‍ട്ടണെ പുറത്താക്കി ഒമര്‍സായ് മത്സരം കൂടുതല്‍ ത്രില്ലറാക്കി. 28 പന്തില്‍ 32 റണ്‍സുമായി നില്‍ക്കവെ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

വിജയിക്കാന്‍ 13 റണ്‍സ് മാത്രം ബാക്കി നില്‍ക്കെ ആര്‍ച്ചറും മടങ്ങി. ഫസല്‍ഹഖ് ഫാറൂഖിയുടെ പന്ത് അടിച്ചുപറത്താന്‍ ശ്രമിച്ച ആര്‍ച്ചറിന് പിഴയ്ക്കുകയും മുഹമ്മദ് നബിയുടെ കൈകളിലൊതുങ്ങുകയുമായിരുന്നു. എട്ട് പന്തില്‍ 14 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

ഒടുവില്‍ മൂന്ന് പന്തില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ ഒമര്‍സായ് അവസാന വിക്കറ്റും നേടി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. ഈ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് ഫൈഫര്‍ പൂര്‍ത്തിയാക്കി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫസല്‍ഹഖ് ഫാറൂഖി, റാഷിദ് ഖാന്‍, ഗുല്‍ബദീന്‍ നയീബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഫെബ്രുവരി 28നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. ഇതേ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

 

Content Highlight: ICC Champions Trophy 2025: Afghanistan defeated England