Entertainment
അന്ന് അവിടെ ലാലും ഉണ്ടായിരുന്നു; ഞങ്ങള്‍ വിളിക്കുന്നത് കേട്ട് അദ്ദേഹം ഇച്ചാക്കയെന്ന് വിളിച്ചു: ഇബ്രാഹിം കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 31, 05:44 am
Friday, 31st January 2025, 11:14 am

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി. മമ്മൂട്ടിക്ക് മോഹന്‍ലാല്‍ ഒരു സഹോദര തുല്യനാണെന്നും അവര്‍ തമ്മില്‍ അങ്ങനെയുള്ള ഒരു ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇരുവരും 50ല്‍ അധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും അന്നും ഇന്നും മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വലിയ അടുപ്പമാണെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇച്ചാക്കയ്ക്ക് ലാല്‍ ഒരു സഹോദര തുല്യനാണ്. അവര്‍ തമ്മില്‍ അങ്ങനെയുള്ള ഒരു ബോണ്ടുണ്ട്. രണ്ടുപേരും 55 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും അവര്‍ വലിയ അടുപ്പമുള്ള ആളുകളാണ്.

സിംഗിള്‍ ഹീറോസ് ആയതിന് ശേഷമാണ് അവര്‍ അവരുടേതായ പടങ്ങള്‍ ചെയ്ത് തുടങ്ങുന്നത്. അതുവരെ സംവിധായകന്‍ ശശിയുടെ തന്നെ നിരവധി സിനിമകളില്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരുമിച്ച് സിനിമ പ്രൊഡ്യൂസ് ചെയ്തിട്ടുമുണ്ട്.

ലാല്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. ഞങ്ങളും ഇച്ചാക്ക എന്നു തന്നെയാണ് വിളിക്കാറുള്ളത്. ഇച്ചാക്കയുടെ സിനിമയുടെ ഷൂട്ടിങ് സമയത്ത് ചില ലൊക്കേഷനുകളില്‍ അന്നൊക്കെ ഞങ്ങള്‍ പോയിരുന്നു.

ചില അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഞങ്ങള്‍ ലൊക്കേഷനുകളില്‍ പോകുന്നത്. ആ സമയത്ത് അവിടെ ലാലും ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ ഇച്ചാക്ക എന്ന് വിളിക്കുന്നത് കേട്ടാണ് ലാലും ആ വിളി തുടങ്ങിയത്,’ ഇബ്രാഹിം കുട്ടി പറഞ്ഞു.

Content Highlight: Ibrahim Kutty Talks About Friendship Of Mohanlal And Mammootty